കോട്ടയം: സംസ്ഥാനത്തെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളുടെ എണ്ണം വർദ്ധിപ്പിക്കുമ്പോൾ ഭിന്നശേഷിക്കാർക്കും സംവരണം നൽകണമെന്ന് സംസ്ഥാന വികലാംഗക്ഷേമോപദേശക സമിതി ചെയർമാൻ എ.സി. ബേബി ആവശ്യപ്പെട്ടു. ത്രിതല പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റി, കോർപ്പറേഷനുകളിൽ നിലവിലുള്ള വാർഡുകൾക്കൊപ്പം ഈ വർഷം ഓരോ സീറ്റുവീതം വർദ്ധിപ്പിക്കാൻ സർക്കാർ തീരുമാനം എടുത്തിട്ടുണ്ട്. സംസ്ഥാനത്തെ 8 ലക്ഷത്തോളം വരുന്ന ഭിന്നശേഷിക്കാരുടെ പ്രശ്നങ്ങൾ ഫലപ്രദമായി ഉന്നയിക്കാൻ തദ്ദേശസർക്കാരുകളിലും നിയമനിർമാണ സഭകളിലും തങ്ങളുടെതന്നെ പ്രതിനിധികൾ ഉണ്ടാവണം. ഓരോ തദ്ദേശസ്വയംഭരണ സ്ഥാപനത്തിലും കുറഞ്ഞത് ഒരു സീറ്റ് എങ്കിലും ഈ വിഭാഗത്തിനുവേണ്ടി സംവരണം ചെയ്യാൻ ആവശ്യമായ നിയമഭേദഗതി ഉണ്ടാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.