വൈക്കം: ചരിത്രം സൃഷ്ടിക്കുന്നവരെ മാറ്റിനിറുത്തി ചരിത്രമെഴുതുന്നവരാണ് നമ്മുടെ ചരിത്രകാരന്മാരെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. ശ്രീനാരായണ എംപ്ലോയീസ് വെൽഫെയർ ഫോറത്തിന്റെ ഏകദിന ശില്പശാല 'സൃഷ്ടി 2020' വൈക്കത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരളത്തിന്റെ നവോത്ഥാന ചരിത്രം പറയുമ്പോൾ ശ്രീനാരായണ ഗുരുദേവനെ അവഗണിക്കും. കോൺഗ്രസ് സമ്മേളനത്തിൽ വൈക്കം സത്യഗ്രഹത്തിന് കാരണമായ വിഷയം അവതരിപ്പിക്കാൻ ടി.കെ.മാധവനെ ചുമതലപ്പെടുത്തിയത് ഗുരുദേവനാണ്. സത്യഗ്രഹ സമരക്യാമ്പിനായി ഗുരു തന്റെ ആശ്രമം വിട്ടുകൊടുത്തു. വൈക്കത്തെത്തി സമര ഫണ്ടിലേക്ക് 1001 രൂപ നൽകി. ഇന്ന് അതിന് കോടികളാണ് മൂല്യം. ഇതൊന്നും ചരിത്രകാരന്മാരാരും പറഞ്ഞു കേട്ടിട്ടില്ല. ക്ഷേത്രപരിസരത്ത് വഴി നടക്കാനുള്ള സ്വാതന്ത്ര്യത്തിനായി നടന്ന വൈക്കം സത്യഗ്രഹത്തിനും എത്രയോ കാലം മുൻപ് ക്ഷേത്രപ്രവേശനത്തിനായി വൈക്കത്ത് സമരം നടന്നിരുന്നു. ക്ഷേത്രത്തിൽ പ്രവേശിച്ച് ആരാധന നടത്താനൊരുങ്ങിയ ഒരു സംഘം ഈഴവ യുവാക്കളെ ദളവയുടെ ഭടന്മാർ വെട്ടിയരിഞ്ഞ് ക്ഷേത്രത്തിന് സമീപത്തെ കുളത്തിലിട്ട് മൂടി. സാമൂഹ്യനീതിക്ക് വേണ്ടി നടന്ന ആ സമരം ചരിത്രത്തിലില്ല. ആ വീര പോരാളികൾക്ക് ഒരു സ്മൃതി മണ്ഡപമില്ല. ഈഴവരെ കള്ള് മണക്കുന്നവരായി മുഖ്യധാരയിൽ നിന്ന് മാറ്റി നിറുത്താൻ ശ്രമിച്ചു. മഹാ വൈദ്യന്മാരും വ്യാപാരികളും നെയ്ത്തുകാരും അങ്ങനെ പലരും ഇവരിലുണ്ടായിരുന്നു. പക്ഷേ അതൊന്നും എവിടെയും ആരും പറയില്ല. ചരിത്രകാരന്മാർ സവർണ താത്പര്യങ്ങളാണ് എന്നും സംരക്ഷിച്ചിട്ടുള്ളതെന്നതിന്റെ നേർക്കാഴ്ചകളാണ് ഇവയൊക്കെ. ചരിത്രത്തിൽ മാത്രമല്ല വർത്തമാനകാലത്തും ഈ അവഗണന തുടരുന്നു. സംവരണമുണ്ടായിട്ടും അധികാരസ്ഥാനങ്ങളിൽ അധ:സ്ഥിതനും പിന്നാക്കക്കാരനും അംഗബലമില്ല. സംവരണം അട്ടിമറിക്കപ്പെടുന്നതിന്റെ തെളിവാണത്. പതിനഞ്ച് ശതമാനം സംവരണമുള്ള മുന്നാക്കക്കാരന് പിന്നെയും കൊടുക്കുന്നു പത്ത്. മെരിറ്റും സംവരണവും സാമ്പത്തിക സംവരണവും എല്ലാംകൂടി അവരിലേക്കെത്തുമ്പോൾ പിന്നാക്കക്കാരൻ പടിക്ക് പുറത്ത്. മുച്ചീട്ട് കളിക്കാരന്റെ കാര്യം പോലാണ്. എങ്ങനെ കളിച്ചാലും കമ്പനിക്കടിക്കും. ഈ സ്ഥിതിക്ക് മാറ്റം വരണമെന്നും വെള്ളാപ്പള്ളി പറഞ്ഞു.
വൈക്കം യൂണിയൻ ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനത്തിൽ ഫോറം കേന്ദ്രസമിതി പ്രസിഡന്റ് എസ്. അജുലാൽ അദ്ധ്യക്ഷനായിരുന്നു. യൂണിയൻ പ്രസിഡന്റ് പി.വി. ബിനേഷ് ഭദ്രദീപ പ്രകാശനം നടത്തി. സെക്രട്ടറി എം.പി. സെൻ, തലയോലപ്പറമ്പ് യൂണിയൻ പ്രസിഡന്റ് ഇ.ഡി. പ്രകാശൻ, സെക്രട്ടറി അഡ്വ. എസ്.ഡി. സുരേഷ് ബാബു എന്നിവർ സംസാരിച്ചു.