കോട്ടയം: പരിസ്ഥിതി സംരക്ഷണം, ദേശിയോദ്ഗ്രഥനം എന്നീ മുദ്രാവാക്യങ്ങളുമായി വേൾഡ് മലയാളി കൗൺസിലിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾ നയിക്കുന്ന ബോധവത്കരണയാത്ര നാളെ കോട്ടയത്ത് എത്തും.
ഇന്ന് രാവിലെ തിരുവനന്തപുരം ഗാന്ധിപാർക്കിൽ നിന്ന് ആരംഭിക്കുന്ന യാത്ര 18ന് കാസർകോട് സമാപിക്കും. പിന്നിടുന്ന വഴിയിലെ വിദ്യാലയങ്ങളിൽ നിന്ന് പ്ലാസ്റ്റിക് ബോട്ടിലുകളും യാത്രാസംഘം ശേഖരിക്കും.
മരങ്ങാട്ടുപിള്ളി ലേബർ ഇന്ത്യ ഗുരുകുലം സ്കൂളിലെ വിദ്യാർത്ഥികളാണ് യാത്ര നയിക്കുന്നത്. സംസ്ഥാന മലയാളി കോൺഗ്രസ് പ്രസിഡന്റ് ജോർജ് കുളങ്ങര, സന്തോഷ് മണർകാട്, വി.എം. അബ്ദുള്ളഖാൻ, ബെന്നി മൈലാടൂർ എന്നിവരും വിദ്യാർത്ഥികളെ അനുഗമിക്കും. തിരുവനന്തപുരം, കൊല്ലം പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ പര്യടനം പൂർത്തിയാക്കി നാളെ ഉച്ചക്ക് 2ന് കോട്ടയം ഗാന്ധിപാർക്കിലും, വൈകിട്ട് 4ന് പാല കുരിശുപള്ളി കവലയിലും യാത്ര എത്തും.