കോട്ടയം: നിർമ്മാണം പൂർത്തിയായി മാസങ്ങൾ കഴിഞ്ഞെങ്കിലും നഗരസഭയുടെ ഉടമസ്ഥതതിയുള്ള സ്ലോട്ടർ ഹൗസും മീൻ മാർക്കറ്റും വ്യാപാരികൾക്കായി തുറന്നു നൽകുന്നില്ല. അസൗകര്യങ്ങളുടെ നടുവിലാണ് മീൻ മാർക്കറ്റ് പ്രവർത്തിക്കുന്നത്. കഴിഞ്ഞ മാർച്ചിൽ അടച്ചു പൂട്ടിയ നഗരസഭയുടെ ഇറച്ചി മാർക്കറ്റ് ഇതുവരെയും തുറന്നു നൽകിയിട്ടില്ല.

ഇപ്പോഴും റോഡരികിലെ താത്കാലിക ഷെ‌ഡിലാണ് മീൻ കച്ചവടക്കാർ പ്രവർത്തിക്കുന്നത്. നൂറിലേറെ കച്ചവടക്കാരാണ് നിലവിൽ ഇവിടെ ഉള്ളത്. മീൻ വാങ്ങാൻ എത്തുന്നവർ രാവിലെ ഈ റോഡിൽ തന്നെ വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് ഇവിടെ ഗതാഗതക്കുരുക്കിനും ഇടയാക്കും.

ഒരു വർഷം മുൻപാണ് മലിനീകരണ നിയന്ത്രണ ബോർഡിന്റെയും ഹൈക്കോടതിയുടെയും ഇടപെടലിനെ തുടർന്ന് മാർക്കറ്റിനുള്ളിൽ പ്രവർത്തിച്ചിരുന്ന സ്ലോട്ടർ ഹൗസും ഇറച്ചിക്കടയും അടച്ചു പൂട്ടിയത്. ഇതോടെ നൂറിലേറെ ആളുകൾക്കാണ് ജോലി നഷ്‌ടമായത്. പത്തു വർഷത്തിലേറെയായി എംജി റോഡരികിലെ ആധുനിക സ്ലോട്ടർ ഹൗസ് കെട്ടിടത്തിന്റെ നിർമ്മാണം പൂർത്തിയായിട്ട്. ഈ കെട്ടിടത്തിനുള്ളിൽ ആധുനിക സൗകര്യങ്ങളോടെ ഇറച്ചിക്കടകളും, സ്ളോട്ടർ ഹൗസും ആരംഭിക്കുന്നതിനു ഇതുവരെയും നഗരസഭ അധികൃതർക്ക് സാധിച്ചിട്ടില്ല. ഓരോ ഭരണസമിതിയും മാറിമാറി എത്തുമ്പോൾ പുതിയ പുതിയ പദ്ധതികൾ കൊണ്ടു വരുന്നതല്ലാതെ ഇതുവരെയും സ്ളോട്ടർഹൗസ് തുറന്നു നൽകാൻ സാധിച്ചിട്ടില്ല.