കടുത്തുരുത്തി: വയോജനങ്ങളുടെ ക്ഷേമത്തിനായി കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് നടപ്പാക്കുന്ന വയോമിത്രം പദ്ധതിയുടെ ഉദ്ഘാടനം നാളെ ഉച്ചകഴിഞ്ഞ് 3.30ന് വൈദ്യുതി വകുപ്പ് മന്ത്രി എം.എം.മണി നിർവഹിക്കും. കടപ്പൂരാൻ ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ അഡ്വ. മോൻസ് ജോസഫ് എം.എൽ.എ. അദ്ധ്യക്ഷത വഹിക്കും. കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് ബാല സൗഹൃദമാകുന്നതിന്റെ ഭാഗമായി സ്ഥാപിക്കുന്ന മിനി പാർക്കുകളിലേക്കുള്ള കുട്ടികളുടെ കളിക്കോപ്പുകളുടെ വിതരണം സി.കെ. ആശ എം.എൽ.എ ഉദ്ഘാടനം ചെയ്യും. കൃഷി ,ആരോഗ്യ, വിദ്യാഭ്യാസ വകുപ്പുകളുമായി സഹകരിച്ച് നടപ്പാക്കുന്ന ജീവനി പദ്ധതിക്കും ചടങ്ങിൽ തുടക്കമാകും. ജില്ലാ കളക്ടർ പി.കെ. സുധീർ ബാബു മുഖ്യ പ്രഭാഷണം നടത്തും. സാമൂഹ്യ സുരക്ഷാ മിഷൻ എക്‌സിക്യൂട്ടീവ് ഡയറക്ടർ ഡോ. ബി. മുഹമ്മദ് അഷീൽ, പ്രിൻസിപ്പൽ കൃഷി ഓഫീസർ ബോസ് ജോസഫ് എന്നിവർ പദ്ധതി വിശദീകരിക്കും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പത്മാ ചന്ദ്രൻ, മറ്റു ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും.