കോട്ടയം: മനുഷ്യ മന:സാക്ഷിയെ ഞെട്ടിപ്പിച്ച നെടുങ്കണ്ടം ഉരുട്ടിക്കൊലപാതക കേസിൽ മുൻ ജില്ലാ പൊലീസ് മേധാവി കെ.ബി വേണുഗോപാലിനും രണ്ട് ഡിവൈ.എസ്.പി മാർക്കെതിരെയും നടപടിയുണ്ടാവുമെന്ന് സൂചന. കസ്റ്റഡി മരണം അന്വേഷിക്കുന്ന ജസ്റ്റിസ് കെ.നാരായണക്കുറുപ്പ് മുമ്പാകെ എറണാകുളം റേഞ്ച് ഡി.ഐ.ജി കാളിരാജ് മഹേഷ് നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാവും നടപടി. മുൻ എസ്.പി.വേണുഗോപാൽ, സ്പെഷ്യൽ ബ്രാഞ്ച് ഡിവൈ.എസ്.പി അബ്ദുൾ സലാം, അന്നത്തെ കട്ടപ്പന ഡിവൈ.എസ്.പി പി.പി ഷംസ് എന്നിവർക്കെതിരെയാണ് നടപടിക്കുരുക്ക് മുറുകുന്നത്.
കസ്റ്റഡിമുതൽ ഉരുട്ടിക്കൊല വരെയുള്ള സംഭവങ്ങളെല്ലാം അന്നത്തെ ജില്ലാ പൊലീസ് മേധാവിക്ക് അറിയാമായിരുന്നുവെന്നും അദ്ദേഹത്തിന് നോട്ടപ്പിഴവ് സംഭവിച്ചിട്ടുണ്ടെന്നും ഡി.ഐ.ജി കമ്മിഷനെ ബോദ്ധ്യപ്പെടുത്തിയെന്നാണ് അറിയുന്നത്. രാജ്കുമാറിന്റെ കസ്റ്റഡി മരണത്തെക്കുറിച്ച് തനിക്ക് ഒന്നും അറിയില്ലായിരുന്നുവെന്ന് ആവർത്തിച്ച് വ്യക്തമാക്കിയിരുന്ന മുൻ പൊലീസ് മേധാവിക്കെതിരെ സസ്പെൻഷനിലായ എസ്.ഐ സാബുവും മൊഴി നല്കിയിരുന്നു. ആരോപണം ശക്തമായതിനെ തുടർന്ന് വേണുഗോപാലിനെ ഇടുക്കിയിൽനിന്ന് സ്ഥലം മാറ്റിയിരുന്നു.
കഴിഞ്ഞ ജൂൺ 12 മുതൽ 16 വരെയുള്ള തീയതികളിലാണ് രാജ്കുമാർ പൊലീസ് കസ്റ്റഡിയിലുണ്ടായിരുന്നത്. ഇക്കാര്യം ജില്ലാ പൊലീസ് മേധാവിക്ക് കൃത്യമായി അറിവുണ്ടായിരുന്നുവെന്നാണ് ഡി.ഐ.ജിയുടെ അന്വേഷണത്തിൽ കണ്ടെത്തിയത്. കൂടാതെ നെടുങ്കണ്ടം എസ്.ഐ ഓരോദിവസവും ഇക്കാര്യം ടെലിഫോണിലൂടെയും വാട്സ് ആപ്പ് മുഖേനയും അറിയിച്ചിരുന്നതിനും തെളിവുകളുണ്ട്. കൂടാതെ സ്പെഷ്യൽ ബ്രാഞ്ചും ഇക്കാര്യങ്ങൾ അദ്ദേഹത്തെ കൃത്യമായ ഇടവേളകളിൽ അറിയിച്ചിരുന്നുവെന്നാണ് ഡി.ഐ.ജി യുടെ അന്വേഷണത്തിൽ കണ്ടെത്തിയത്.ഇക്കാര്യങ്ങൾ സാക്ഷി മൊഴികളിൽ നിന്നും സ്പെഷ്യൽ ബ്രാഞ്ച് ഫീൽഡ് സ്റ്റാഫിന്റെ റിപ്പോർട്ടുകളിൽ നിന്നും സ്ഥിരീകരിച്ചിട്ടുണ്ടെന്നും ഡി.ഐ.ജി കമ്മിഷൻ മുമ്പാകെ വ്യക്തമാക്കിയിട്ടുണ്ട്.
ലോക്കൽ പൊലീസാണ് രാജ്കുമാർ കൊലക്കേസ് ആദ്യം അന്വേഷിച്ചത്. തുടർന്ന് 2019 ആഗസ്റ്റ് 16ന് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി. നെടുങ്കണ്ടം തൂക്കുപാലത്ത് ഹരിതാ ഫിനാൻസിന്റെ ലേബലിൽ സാമ്പത്തിക തട്ടിപ്പുകേസിൽ റിമാൻഡിലായ വാഗമൺ കോലാഹലമേട് സ്വദേശി രാജ്കുമാർ ജൂൺ 21നാണ് പീരുമേട് സബ് ജയിലിൽ റിമാൻഡിലിരിക്കെ മരിച്ചത്. രാജ്കുമാർ ക്രൂരമായ മർദ്ദനത്തിന് ഇരയായതായി പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ വ്യക്തമായിരുന്നു. തുടകളിലെയും കണംകാലുകളിലെയും മാംസങ്ങൾ എല്ലിൽ നിന്ന് വേർപെട്ട നിലയിലായിരുന്നു. ഇതോടെ രാജ്കുമാറിനെ ഉരുട്ടലിന് വിധേയമാക്കിയതായി വ്യക്തമായി. ഇതോടെ നെടുങ്കണ്ടം എസ്.ഐ സാബു ഉൾപ്പെടെ ഏഴു പേരെ സസ്പെൻഡ് ചെയ്തിരുന്നു. കീഴുദ്യോഗസ്ഥരുടെ കൃത്യനിർവഹണത്തിൽ ഗുരുതര വീഴ്ചയുണ്ടായെന്ന എസ്.പിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി. കേസ് സി.ബി.ഐയ്ക്ക് വിടാൻ നാലു മാസം മുമ്പ് സർക്കാർ തീരുമാനിച്ചെങ്കിലും ഇതുവരെയും കേസ് സി.ബി.ഐ എറ്റെടുത്തിട്ടില്ല. കേസ് സി.ബി.ഐ എറ്റെടുത്ത് അന്വേഷണം നടത്തി സമയബന്ധിതമായി റിപ്പോർട്ട് സമർപ്പിക്കണമെന്ന് കഴിഞ്ഞദിവസം ഹൈക്കോടതി ഉത്തരവിട്ടിരുന്നു.