കോട്ടയം: ഹോട്ടൽ മാലിന്യം റോഡിൽ ഉപേക്ഷിച്ചു, ഹോട്ടൽ ഉടമയെ പൊലീസ് വിളിച്ചുവരുത്തി മറവുചെയ്തു. മാലിന്യം മറവുചെയ്യാൻ കോൺട്രാക്ട് എടുത്ത ആൾക്കെതിരെ പൊലീസ് കേസ് എടുത്തു. ഇയാൾ ഒളിവിലാണ്. ഇന്നലെ രാവിലെ കുറുമ്പനാടം പള്ളിക്ക് സമീപമാണ് മാലിന്യം കണ്ടെത്തിയത്.

40 ചാക്ക് ഹോട്ടൽ മാലിന്യമാണ് റോഡ് വക്കിൽ നിക്ഷേപിച്ചശേഷം കോൺട്രാക്ട് എടുത്ത വാകത്താനത്ത് വാടകക്ക് താമസിക്കുന്ന ശശി (60) കടന്നത്. ഇന്നലെ രാവിലെ പള്ളിയിലെത്തിയവർ തൃക്കൊടിത്താനം സി.ഐ സാജു വർഗീസിനെ വിവരം അറിയിക്കുകയായിരുന്നു. ആരാണ് ഇത് നിക്ഷേപിച്ചതെന്ന് അറിയില്ലായിരുന്നു. കൂടാതെ എവിടെനിന്ന് കൊണ്ടുവന്നതാണെന്നും ഒരു സൂചനയും ലഭിച്ചില്ല. ഇതേ തുടർന്ന് ചാക്കുകൾ പൊട്ടിച്ച് പരിശോധന നടത്തിയപ്പോഴാണ് ഞാലിയാകുഴിയിലെ ബാർ ഹോട്ടലായ എമറാൾഡ് ഹോട്ടലിലെ ബില്ലുകൾ കണ്ടെത്തിയത്. ഇതേ തുടർന്ന് ഹോട്ടൽ ഉടമയെ പൊലീസ് വിളിച്ചുവരുത്തി വിവരം തിരക്കി. അപ്പോൾ ഹോട്ടലിലെ ഭക്ഷണാവശിഷ്ടങ്ങൾ നീക്കാൻ ഒരാൾക്ക് കോൺട്രാക്ട് നല്കിയിട്ടുണ്ടെന്നും ശനിയാഴ്ച രാത്രിയിൽ അത് കൊണ്ടുപോയിരുന്നതായും ഹോട്ടൽ ഉടമ പറ‌‌ഞ്ഞു. ഇതോടെ അവശിഷ്ടങ്ങൾ മറവുചെയ്യാൻ ഹോട്ടൽ ഉടമയോട് പൊലീസ് പറഞ്ഞു. ഒരു വാഹനം കൊണ്ടുവന്ന് ഉടമയുടെ ചിലവിൽ റോഡിൽ നിന്ന് 40ചാക്ക് മാലിന്യവും മാറ്റി.

വിവരം അറിഞ്ഞ് കോൺട്രാക്ട് എടുത്ത ശശി മൊബൈലും ഓഫാക്കി സ്ഥലം വിട്ടു. ഇയാൾക്കെതിരെ തൃക്കൊടിത്താനം പൊലീസ് കേസ് എടുത്തിട്ടുണ്ട്.