കോട്ടയം: പ്രായപൂർത്തിയാവാത്ത പെൺകുട്ടി ഗർഭിണിയായതിനെ തുടർന്ന് മാതാപിതാക്കളും പിന്നീട് പെൺകുട്ടിയും ജീവനൊടുക്കിയ സംഭവം നാടിനെ കണ്ണീരിലാഴ്ചത്തി. തലയോലപ്പറമ്പിന് സമീപം വെള്ളൂരിൽ ഇന്നലെ പുലർച്ചെയായിരുന്നു ഒരു കുടുംബം ആത്മഹത്യ ചെയ്തത്. പീഡനത്തെ തുടർന്ന് മകൾ ഗർഭിണിയായതിന്റെ മനോവിഷമത്തിലായിരുന്നു മാതാപിതാക്കൾ. പുലർച്ചെ ആറു മണിയോടെ ഇരുവരെയും കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ പെൺകുട്ടിതന്നെയാണ് കാണുന്നത്. ഇതേ തുടർന്ന് പെൺകുട്ടി വിവാഹിതയായ ജേഷ്ഠത്തിയെ വിവരം അറിയിച്ചു. തുടർന്ന് ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. മരിക്കില്ലായെന്ന് ബോധ്യമായതോടെയാവാം പെൺകുട്ടി പിന്നീട് തൂങ്ങി മരിക്കുകയായിരുന്നു. ജേഷ്ഠത്തി വിവരം അറിയിച്ചതിനെ തുടർന്ന് ഇവരുടെ വീടിന് സമീപം താമസിക്കുന്ന ബന്ധു എത്തിയപ്പോഴേക്കും പെൺകുട്ടിയുടെ ജീവൻ നഷ്ടപ്പെട്ടിരുന്നു.
പെൺകുട്ടി ഗർഭിണിയായതിലുള്ള മനോവിഷമവും തുടർന്നുണ്ടായ കേസും സാമ്പത്തിക പ്രതിസന്ധിയുമാണ് മാതാപിതാക്കളെ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചതെന്നാണ് പൊലീസ് നിഗമനം.
ഇന്നലെ രാവിലെയാണ് പ്ലസ്‌ടു വിദ്യാർത്ഥിയായ 17 കാരിയെ സ്വന്തം മുറിയിലും, മാതാപിതാക്കളെ മറ്റൊരു മുറിയിലും കണ്ടെത്തിയത്. പൊലീസെത്തി നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹങ്ങൾ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കു മാറ്റി. പോസ്റ്റുമോർട്ടത്തിനുശേഷം സന്ധ്യയോടെ മൂവരുടെയും മൃതദേഹങ്ങൾ സംസ്കരിച്ചു.
കഴിഞ്ഞ ദിവസം വയറുവേദനയെ തുടർന്ന് പെൺകുട്ടിയെ മാതാപിതാക്കൾ ആശുപത്രിയിൽ കൊണ്ടു പോയിരുന്നു. പരിശോധനയിൽ ഗർഭിണിയാണെന്ന് കണ്ടെത്തി. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയായതിനാൽ ഡോക്‌ടർ പൊലീസിനെ വിവരമറിയിച്ചു. പൊലീസ് പോക്‌സോ നിയമപ്രകാരം കേസെടുത്ത വിവരം നാട്ടുകാരറിഞ്ഞ നാണക്കേടിലാണ് കുടുംബം ജീവനൊടുക്കിയതെന്നാണ് അറിയുന്നത്. പെൺകുട്ടി കുറെനാളായി ജിഷ്‌ണുദാസുമായി അടുപ്പത്തിലായിരുന്നു. ലൈംഗിക ക്ഷമതാ പരിശോധന കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടത്തിയശേഷമാണ് ജിഷ്‌ണുദാസിനെ അറസ്റ്റ് ചെയ്തത്.