കോട്ടയം : കനത്ത ചൂടിൽ നിന്ന് ആശ്വാസം നേടാൻ ശീതളപാനീയങ്ങളെ അമിതമായി ആശ്രയിക്കുന്നവർ സൂക്ഷിക്കണം. ഇവ സൃഷ്ടിക്കുന്ന ആരോഗ്യ പ്രശ്നങ്ങൾ നിങ്ങളെ രോഗികളാക്കും. വേനൽ കടുത്തതോടെ ചുരുങ്ങിയ നാളുകൾക്കുള്ളിൽ പാതയോരങ്ങളിൽ നിരവധി ശീതളപാനീയകടകളാണ് ഉയർന്നത്. ദിവസേന ഇവിടെയത്തുന്നതാകട്ടെ നൂറുകണക്കിന് ആളുകളും. എന്നാൽ പേരിന് പോലും ഇവിടെ ആരോഗ്യവകുപ്പിന്റെ പരിശോധനകൾ നടക്കുന്നുമില്ല.
കുലുക്കി സർബത്ത്, തണ്ണിമത്തൻ ജ്യൂസ്, സംഭാരം എന്നിവയുടെ കച്ചവടമാണ് പൊടിപൊടിക്കുന്നത്. ഇതിനായി ഉപയോഗിക്കുന്ന വെള്ളം, ഐസ് തുടങ്ങിയവ ശുദ്ധമാണോയെന്നതിൽ യാതൊരു ഉറപ്പുമില്ല. മത്സ്യം കേടാകാതിരിക്കാൻ ഉപയോഗിക്കുന്ന ഐസാണ് ഇതിൽ കലർത്തുന്നതെന്ന് വ്യാപക ആക്ഷേപം നിലനിൽക്കുന്നുണ്ട്. വൃത്തിഹീനമായ സാഹചര്യത്തിലാണ് പലയിടങ്ങളിലും ശീതളപാനീയങ്ങൾ തയ്യാറാക്കുന്നത്. തുറന്നുവച്ചിരിക്കുന്ന വെള്ളത്തിൽ മണ്ണുംപൊടിയും കലരുന്നുണ്ട്.
ശീതളപാനീയ വില്പനശാലകൾ നിയന്ത്രിക്കേണ്ടത് നഗരസഭയും പഞ്ചായത്തുകളുമാണെങ്കിലും അവരൊന്നും ഇത് കണ്ട ഭാവം നടിക്കാറില്ല. ശുചിത്വമില്ലാത്ത പാനീയങ്ങളുടെ ഉപയോഗത്തിലൂടെ അതിസാരം,ഛർദ്ദി, ഉദരരോഗം തുടങ്ങിയവ പിടിപെടാനുള്ള സാദ്ധ്യതയും കൂടുതലാണ്.
സൂക്ഷിക്കുക
ശീതള പാനീയങ്ങൾ കുടിക്കുന്നതിനുമുമ്പ് കടയിലെ ശുചിത്വം ഉറപ്പാക്കുക
ഉപയോഗിക്കുന്ന ഐസ് ഗുണനിലവാരമുള്ളതാണോയെന്ന് ശ്രദ്ധിക്കുക
ടാങ്കർ വെള്ളവും
പ്രശ്നമാണ്
ജലഅതോറിട്ടിയുടെ കുടിവെള്ളവിതരണം കാര്യക്ഷമമല്ലാത്ത വിവിധ പഞ്ചായത്തുകളിൽ സ്വകാര്യവാഹനങ്ങളിൽ ഘടിപ്പിച്ച ടാങ്കുകളിൽ വെള്ളം കൊണ്ടുവന്ന് വിൽക്കുന്നത് വർദ്ധിച്ചു. തുരുത്തി,വാഴപ്പളളി,കുറിച്ചി,മലകുന്നം,ചിങ്ങവനം,പാത്താമുട്ടം തുടങ്ങിയ ഭാഗങ്ങളിലെ കിണറുകളിൽ നിന്ന് ശേഖരിക്കുന്ന വെളളമാണ് വാഹനങ്ങളിൽ കൊണ്ടുവന്ന് വിൽക്കുന്നത്. വെള്ളം കിണറുകളിൽ നിന്ന് നേരിട്ട് ടാങ്കർലോറികളിലേക്ക് പമ്പ് ചെയ്തു കൊണ്ടുവന്നാണ് വില്പനയെന്നും ആവശ്യമായ ശുദ്ധീകരണം നടത്താറില്ലെന്നും ആരോപണമുണ്ട്.