കോട്ടയം : ആർപ്പൂക്കര ചാഴികാടൻ റോഡ് തകർന്നു. ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിനു മുന്നിൽ നിന്നും മാന്നാനത്തിന് എത്താനുള്ള റോഡാണ് തകർന്നത്. കോട്ടയം നഗരത്തിൽ നിന്നും ഏറ്റുമാനൂർ അതിരമ്പുഴ, യൂണിവേഴ്സിറ്റി ഭാഗത്തേയ്‌ക്കു പോകുന്നവർക്കുള്ള എളുപ്പവഴിയാണ് ചാഴികാടൻ റോഡ്. ഈ റോഡിന്റെ തുടക്കഭാഗത്തു തന്നെയാണ് കുണ്ടും കുഴിയും. കഴിഞ്ഞ പ്രളയകാലത്താണ് റോഡ് തകർന്നത്. ചെറിയ കുഴികൾ ഇവിടെ രൂപപ്പെട്ടിരുന്നു. പിന്നീട്, നിരന്തരം വാഹനങ്ങൾ കയറിയിറങ്ങി റോഡ് പൂർണമായും തകരുകയായിരുന്നു. വൈകിട്ട് സ്‌കൂൾ വിടുമ്പോഴും, രാവിലെ സ്‌കൂളിലേയ്‌ക്കു വിദ്യാർത്ഥികൾ എത്തുമ്പോഴും പ്രദേശത്ത് വൻ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്. ഇതിനിടെയാണ് ഈ റോഡിലുണ്ടായിരിക്കുന്ന കുരുക്ക്. ഇതുകൂടിയാകുന്നതോടെ അപകട സാദ്ധ്യതയും ഇവിടെ വർദ്ധിക്കുകയാണ്. മെഡിക്കൽ കോളേജിലേയ്‌ക്കടക്കമുള്ള ആംബുലൻസുകൾ ഇതുവഴിയാണ് എത്തുന്നത്. ഈ ആംബുലൻസുകളെയും, ഈ റോഡിലെ കുഴികൾ ബാധിക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ അടിയന്തരമായി റോഡ് നവീകരിക്കണമെന്ന ആവശ്യമാണ് ഇപ്പോൾ നാട്ടുകാർ ഉന്നയിക്കുന്നത്.