kerala-congress-m

കോട്ടയം: കേരള കോൺഗ്രസ് (എം) യു.ഡി.എഫ് വിടുന്നതടക്കം പല നിർണായക തീരുമാനങ്ങൾക്കും സാക്ഷിയായ ചരൽക്കുന്നിൽ ജോസ് വിഭാഗത്തിന്റെ രണ്ട് ദിവസം നീളുന്ന സംസ്ഥാന നേതൃത്വ ക്യാമ്പിന് ഇന്ന് തുടക്കമാവും. കുട്ടനാട് ഉപതിരഞ്ഞെടുപ്പാണ് പ്രധാന അജൻഡ.ഏപ്രിലിൽ കോട്ടയത്തു നടക്കുന്ന കേരള കോൺഗ്രസ് മഹാസമ്മേളനം , വരാനിരിക്കുന്ന തദ്ദേശ ഉപതിരഞ്ഞെടുപ്പ് എന്നിവയും അജൻഡയിലുണ്ട്.

കുട്ടനാട് സീറ്റിനായി ജോസിന്റെയും ജോസഫിന്റെയും അവകാശവാദവും തർക്കം മുറുകിയ സാഹചര്യത്തിൽ കോൺഗ്രസ് സീറ്റ് ഏറ്റെടുക്കുമെന്ന പ്രചാരണവും ശക്തമായ സാഹചര്യത്തിൽ ചരൽക്കുന്ന് നേതൃത്വ ക്യാമ്പിന് വലിയ പ്രാധാന്യമാണ് കൽപ്പിക്കുന്നത്. കെ.എം.മാണിയുടെ മരണ ശേഷം ആദ്യമായാണ് സംസ്ഥാന നേതൃക്യാമ്പ് ചേരുന്നത്.ജോസ് കെ മാണിയുടെ നേതൃത്വത്തിൽ കേരളയാത്ര നടത്താനുള്ള തീരുമാനം കെ.എം.മാണിയുടെ സാന്നിദ്ധ്യത്തിൽ ചരൽകുന്നിലാണ് നേരത്തേ എടുത്തത്. ജോസിനെ നേതൃനിരയിലേക്ക് കൊണ്ടു വന്ന ആ ക്യാമ്പോടെയാണ് പി.ജെ.ജോസഫ് അകന്നു തുടങ്ങിയത്. ജോസഫും സി.എഫ് .തോമസുമടക്കം സീനിയർ നേതാക്കളില്ലാത്തതും ജോസിന്റെ നേതൃത്വം ചോദ്യം ചെയ്യപ്പെടാത്തതുമായ ആദ്യ പാർട്ടി ക്യാമ്പാണിത്.

പാർട്ടി ചിഹ്നം, ചെയർമാൻ എന്നിവ സംബന്ധിച്ച് ഇരുവിഭാഗത്തിന്റെയും പരാതിയിൽ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ അവസാന സിറ്റിംഗ് ഇന്നലെ ഉച്ച കഴിഞ്ഞായിരുന്നു. രണ്ട് എം.പിയും രണ്ട് എം.എൽ.എയും സമീപകാലത്ത് അകലക്കുന്നത്ത് തദ്ദേശ തിരഞ്ഞെടുപ്പിൽ ജോസഫ് വിഭാഗത്തെ തോൽപ്പിച്ച് ശക്തി തെളിയിച്ചതും കൂടുതൽ സംസ്ഥാന കമ്മിറ്റി അംഗങ്ങളുമുള്ള തങ്ങളെ തിരഞ്ഞെടുപ്പ് കമ്മീഷൻ അംഗീകരിക്കുമെന്ന പ്രതീക്ഷയിലാണ് ജോസ് തെളിവുകൾ നിരത്തിയത്.

കുട്ടനാട് സ്ഥാനാർത്ഥി ചർച്ച ജോസ് വിഭാഗം നേരത്തേ നടത്തിയിരുന്നു. പ്രചാരണം നേരത്തേ ആരംഭിക്കുന്നതിനായി ചരൽകുന്നിൽ സ്ഥാനാർത്ഥിത്വം സംബന്ധിച്ച തീരുമാനം ഉണ്ടായേക്കും. ഒരു കാരണവശാലും സീറ്റ് ജോസഫിന് വിട്ടു കൊടുക്കില്ലെന്ന കടുത്ത നിലപാടിലുള്ള ജോസ് വിഭാഗത്തിന് ഗ്രൂപ്പ് തർക്കത്തിന്റെ പേരിൽ തങ്ങൾക്ക് അർഹതപ്പെട്ട സീറ്റ് കോൺഗ്രസ് ഏറ്റെടുക്കുന്നതിനോടും യോജിപ്പില്ല. ഈ സാഹചര്യത്തിൽ യു.ഡി.എഫിന് തലവേദനയുണ്ടാക്കുന്ന തീരുമാനമാവും ചരൽക്കുന്ന് ക്യാമ്പിൽ

ഉണ്ടാവുക എന്നാണ് വിലയിരുത്തൽ..