തലയോലപ്പറമ്പ് : സമയബന്ധിതമായി വടയാർ പുത്തൻപാലത്ത് ഓരുമുട്ട് ഇടുന്നതിലുള്ള താമസം ഏക്കർ കണക്കിന് നെൽകൃഷിക്കും മറ്റ് അനുബന്ധ കൃഷിക്കും ഭീഷണിയാകുന്നു. ഓരുമുട്ട് ഇടുന്നതിലെ ഉദ്യോഗസ്ഥ വീഴ്ച മൂലം ഏക്കർ കണക്കിന് നെൽകൃഷിക്ക് ഉപ്പുവെള്ളം ഭീഷണിയാവുകയാണ്. പതിവായി ഡിസംബറിൽ ഇടുന്ന ഓരുമുട്ട് ജനുവരി പകുതിയായിട്ടും ഇടുന്നതിനുള്ള നടപടി ഇറിഗേഷൻ വകുപ്പ് തുടങ്ങിയിട്ടില്ലെന്നാണ് പരാതി. കർഷക സംഘടനകൾ പല പ്രാവശ്യം ബന്ധപ്പെട്ടിട്ടും അനങ്ങാപ്പാറ നയമാണ് ഉദ്യോഗസ്ഥർ തുടരുന്നതെന്നും കർഷകരോടുള്ള വെല്ലുവിളിയാണ് ഇറിഗേഷൻ വകുപ്പ് നടത്തുന്നതെന്നുമാണ് ആക്ഷേപം.
ഇറിഗേഷൻ ഓഫീസ് ഉപരോധിക്കും
15നകം ഓരുമുട്ട് സ്ഥാപിച്ചില്ലായെങ്കിൽ കർഷകരെ സംഘടിപ്പിച്ച് വൈക്കത്തെ ഇറിഗേഷൻ ഓഫീസ് ഉപരോധിക്കുമെന്ന് അഖിലേന്ത്യാ കിസാൻസഭ പഞ്ചായത്തുകമ്മിറ്റി സെക്രട്ടറി എ.എം.അനിൽ ചള്ളാങ്കൽ അറിയിച്ചു. യോഗത്തിൽ പ്രസിഡന്റ് പി.കെ.രാധാകൃഷ്ണൻ, കെ.സി.രഘുവരൻ, മുരുകദാസ്, എസ്.ബാബു, കെ.വി.ജോളി എന്നിവർ സംസാരിച്ചു.