കോട്ടയം: സംസ്ഥാനത്തെ ഭൂരഹിതരുടെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് മുൻഗണന നൽകണമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ. കോട്ടയം നഗരസഭ ലൈഫ് മിഷൻ ഗുണഭോക്താക്കളുടെ കുടുംബസംഗമവും അദാലത്തും മാമ്മൻ മാപ്പിള ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് മൂന്നര ലക്ഷത്തിലധികം ഭൂരഹിതരാണുള്ളത്. ഇവർക്ക് ഉചിതമായ ഭൂമി കണ്ടെത്തുന്നതിന് അടിയന്തിര നടപടികൾ സ്വീകരിക്കണം, അദ്ദേഹം പറഞ്ഞു. കോട്ടയം നഗരസഭയിൽ ലൈഫ് മിഷൻ പി.എം.എ.വൈ പദ്ധതിയിൽ രണ്ടു ഘട്ടങ്ങളിലായി 350 വീടുകളാണ് ഇതുവരെ പൂർത്തിയാക്കിയത്. സംഗമത്തോടനുബന്ധിച്ച് വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ നടത്തിയ അദാലത്തിൽ ലഭിച്ച 132 അപേക്ഷകളിൽ 117 എണ്ണത്തിൽ തീർപ്പു കൽപ്പിച്ചു. നഗരസഭാ ചെയർപേഴ്‌സൺ ഡോ. പി.ആർ. സോന അദ്ധ്യക്ഷത വഹിച്ചു. ലൈഫ് മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ സി.എൻ. സുഭാഷ് റിപ്പോർട്ട് അവതരിപ്പിച്ചു. എസ്.ബി.ഐ ഫിനാൻഷ്യൽ കൗൺസിലർ ശിവജി മേനോൻ ബാങ്കുകളുമായി ബന്ധപ്പെട്ട പദ്ധതികൾ വിശദീകരിച്ചു. മുനിസിപ്പൽ വൈസ് ചെയർപേഴ്‌സൺ സൂസൻ കുഞ്ഞുമോൻ, വികസന സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ ജോസ് പള്ളിക്കുന്നേൽ, മുനിസിപ്പൽ സെക്രട്ടറി ഇ.ടി. സുരേഷ് കുമാർ, മുനിസിപ്പൽ കൗൺസിലർമാർ, സി.ഡി.എസ് ചെയർപേഴ്‌സൺമാർ തുടങ്ങിയവർ പങ്കെടുത്തു.