കോട്ടയം: ബേർഡ്സ് ക്ലബ്ബ് ഇന്റർനാഷണലിന്റെ ആഭിമുഖ്യത്തിലുള്ള റെയിൻ ഇന്റർനാഷണൽ നേച്ചർ ഫിലിം ഫെസ്റ്റിവൽ 24 മുതൽ 26 വരെ കാർഷിക സർവകലാശാലയുടെ കുമരകം പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രത്തിൽ നടക്കും. വിവിധ രാജ്യങ്ങളിൽ നിന്നും പ്രകൃതി സംരക്ഷണം ലക്ഷ്യമിട്ടുകൊണ്ടുള്ള ഏഴുപതോളം സിനിമകളും ഹ്രസ്വ ചിത്രങ്ങളും ഡോക്യുമെന്ററികളും ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിക്കും. രാവിലെ പത്തിന് പ്രകൃതി സംരക്ഷക സാലുമരാഡ തിമ്മക്ക ഫിലിം ഫെസ്റ്റിവൽ ഉദ്ഘാടനം ചെയ്യും.
കാർഷിക ഗവേഷണ കേന്ദ്രത്തിൽ തയ്യാറാക്കിയ രണ്ടു വേദികളിലാണ് സിനിമകൾ പ്രദർശിപ്പിക്കുക.
റിട്രോസ്പെക്ടീവ് വിഭാഗത്തിൽ വന്യജീവി ചലച്ചിത്രകാരൻ സുബ്ബയ്യ നല്ലമുത്തുവിന്റെ ചിത്രങ്ങളാണ് പ്രദർശിപ്പിക്കുക. മികച്ച സിനിമയ്‌ക്കും ഷോട്ട് ഫിലിമിനുമുള്ള പുരസ്‌കാരങ്ങളും 26 ന് രാവിലെ 11 ന് നടക്കുന്ന ചടങ്ങിൽ വിതരണം ചെയ്യുമെന്നു ഫെസ്റ്റിവൽ ഡയറക്ടർ സംവിധായകൻ ജയരാജ്, രക്ഷാധികാരി വി.എൻ വാസവൻ, കുമരകം പഞ്ചായത്ത് പ്രസിഡന്റ് എ.പി സലിമോൻ, ബി.സി.ഐ സ്റ്റേറ്റ് കോ ഓർഡിനേറ്റർ ഡോ.അഭിലാഷ്, കോട്ടയം ഫിലിം സൊസൈറ്റി സെക്രട്ടറി പ്രദീപ് നായർ എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.
ബേർഡ്സ് ക്ലബ് ഇൻർനാഷണൽ, കുമരകം ഗ്രാമപഞ്ചായത്ത്, കോട്ടയം ഫിലിം സൊസൈറ്റി, കേരള സംസ്ഥാന ചലച്ചിത്ര അക്കാഡമി എന്നിവരുടെ നേതൃത്വത്തിലാണ് ഫെസ്റ്റിവൽ സംഘടിപ്പിച്ചിരിക്കുന്നത്. മാക്ടയും സംസ്ഥാന ടൂറിസം വകുപ്പും ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും കേരള കാർഷിക സർവകലാശാലയുടെ കുമരകം പ്രാദേശിക ഗവേഷണ കേന്ദ്രവും കോട്ടയം പ്രസ് ക്ലബിന്റെ നേച്ചർ ക്ലബും കാനറാ ബാങ്കും ജെ.സി.ഐ സോൺ 22 ഉം കോട്ടയം സി.എം.എസ് കോളേജും ഫെസ്റ്റിവലുമായി സഹകരിക്കുന്നുണ്ട്.
മേളയിൽ 11 മണി മുതൽ ചിത്രങ്ങൾ പ്രദർശിപ്പിച്ച് തുടങ്ങും. 1.30 മുതൽ രണ്ടു വരെ പ്രതിനിധികൾക്ക് ചലച്ചിത്ര പ്രതിഭകളുമായി സംവദിക്കാം.