കോട്ടയം: ഗതാഗത നിയമം ലംഘിക്കുന്നവർക്കായി മോട്ടോർ വാഹന വകുപ്പ് നടത്തിയിരുന്ന പരിശീലന ക്ലാസുകൾ സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് നിലച്ചു. ഹാൾ വാടക അടക്കം ഒരു ദിവസം ക്ലാസ് നടത്തുന്നതിന് അയ്യായിരം രൂപയെങ്കിലും ചെലവുണ്ട്. ചെലവ് താങ്ങാനാവാതെ വന്നതോടെ സ്വകാര്യ വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും സഹായത്തിലാണ് ക്ളാസ് തുടർന്നുപോന്നത്. എന്നാൽ ഇത് അഴിമതിക്കു കാരണമാകുമെന്ന് ചൂണ്ടിക്കാട്ടി ചിലർ വിജിലൻസിനെ സമീപിച്ചു. ഇതോടെ ക്ലാസുകൾ തന്നെ ഉപേക്ഷിക്കാൻ മോട്ടോർ വാഹനവകുപ്പ് തീരുമാനിക്കുകയായിരുന്നു. നിലവിൽ പുതിയ ഡ്രൈവിംഗ് ലൈസൻസിനായി അപേക്ഷ നൽകുന്നവർക്കു മാത്രമാണ് ക്ലാസെടുക്കുന്നത്.

ചട്ടം ഇങ്ങനെ

പുതുക്കിയ മോട്ടോർ വാഹന ചട്ടം അനുസരിച്ച് നിയമലംഘനത്തിന് പിടിയിലാകുന്നവർക്ക് ലൈസൻസ് തിരികെ ലഭിക്കണമെങ്കിൽ സന്നദ്ധ സംഘടനകളോ മോട്ടോർ വാഹന വകുപ്പോ നടത്തുന്ന ക്ലാസിൽ പങ്കെടുക്കണം.

ഫണ്ട് പ്രശ്‌നം

ഇതിനായി പ്രത്യേക ഫണ്ട് ലഭിക്കുന്നില്ല. ഇതേ തുടർന്നാണ് ക്ലാസുകൾ ഉപേക്ഷിച്ചത്. ഇത്തരം ക്ളാസുകൾ നിയമലംഘനങ്ങളെപ്പറ്റി പഠനം നടത്തുന്ന സന്നദ്ധ സംഘടനകളെ ഏൽപ്പിക്കുക മാത്രമാണ് പോംവഴി.

-മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥൻ