പൊന്‍കുന്നം: തേക്കടിയില്‍ നിന്നുള്ള മടക്കയാത്രയിലും എലിക്കുളത്തിന്റെ ആതിഥ്യമറിഞ്ഞ് മുന്‍ ഉപപ്രധാനമന്ത്രി എല്‍.കെ.അദ്വാനി. കഴിഞ്ഞയാഴ്ച ഉച്ചഭക്ഷണം കഴിച്ച എലിക്കുളം മടുക്കക്കുന്നിലെ സ്പൈസ് വില്ലേജ് ഹോംസ്റ്റേയിലാണ് മടക്കയാത്രയിലും അദ്ദേഹമെത്തിയത്. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നിനായിരുന്നു മകള്‍ പ്രതിഭക്കൊപ്പം നെടുമ്പാശേരിയിലേക്കുള്ള യാത്രാമേദ്ധ്യ ഒരുമണിക്കൂര്‍ വിശ്രമത്തിനായി ഹോംസ്റ്റേയില്‍ കയറിയത്.
ഉടമ കുരുവിനാക്കുന്നേല്‍ ജോസ് ഡൊമിനിക്കും ഭാര്യ അനീറ്റയും ആതിഥേയരായുണ്ടായിരുന്നു. ബി.ജെ.പി.സംസ്ഥാന ഉപാധ്യക്ഷന്‍ ജി.രാമന്‍നായര്‍, ബി.ജെ.പി.ജില്ലാപ്രസിഡന്റ് എന്‍.ഹരി, സംസ്ഥാനസമിതിയംഗം ഡോ.ജെ.പ്രമീളാദേവി, എലിക്കുളത്തെ ഭാരവാഹികളായ ജയപ്രകാശ് വടകര, ദീപുമോന്‍ ഉരുളികുന്നം, എം.ആര്‍.സരീഷ് തുടങ്ങിയവര്‍ അദ്വാനിയെയും മകളേയും സ്വീകരിച്ചു.
ഇന്നലത്തെ സന്ദര്‍ശനം വികാരനിര്‍ഭര രംഗങ്ങള്‍ക്കും സാക്ഷിയായി. അടിയന്തരാവസ്ഥയില്‍ പൊലീസ് മര്‍ദ്ദനത്തില്‍ നട്ടെല്ല് തകര്‍ന്ന് കാലുകള്‍ക്ക് ചലനശേഷി നഷ്ടപ്പെട്ട അറുപത്തെട്ടുകാരന്‍ ശംഭുനാരായണന്‍ അദ്വാനിയെ കാണാനെത്തി. പെരുമ്പാവൂര്‍ പുന്നയം നാരായണമംഗലത്തില്ലത്ത് നിന്ന് ബി.ജെ.പി.പെരുമ്പാവൂര്‍ നിയോജകമണ്ഡലം പ്രസിഡന്റ് അനില്‍കുമാറിനൊപ്പമാണ് ശംഭു എത്തിയത്.
ഹോംസ്റ്റേ ഉടമ മഹാഗണിയില്‍ നിര്‍മിച്ച ടേബിള്‍മാറ്റ് അദ്വാനിക്ക് സമ്മാനിച്ചു. സന്ദര്‍ശനത്തിന്റെ ഓര്‍മക്കായി ഹോംസ്റ്റേയുടെ മുറ്റത്ത് അദ്വാനി കുടംപുളിത്തൈ നട്ടു.
ഹോംസ്റ്റേ സൂപ്പര്‍വൈസര്‍ പി.എ.ദേവസ്യയുടെ നേതൃത്വത്തില്‍ കപ്പ പുഴുങ്ങിയതും ചമ്മന്തിയും തയ്യാറാക്കിയിരുന്നു. ഒപ്പമുള്ളവര്‍ കഴിച്ചെങ്കിലും അദ്വാനി ഭക്ഷണം ഒഴിവാക്കി.