കോട്ടയം: വായ്‌പാ കുടിശികയുടെ പേരിലുള്ള ജപ്‌തിക്കെത്തിയ ബാങ്ക് അധികൃതരെ പിന്തിരിപ്പിക്കാൻ ശരീരത്തിൽ മണ്ണെണ്ണ ഒഴിച്ച് ആത്മഹത്യാ ഭീഷണി മുഴക്കി വീട്ടമ്മയും ഭർത്താവും. കാരാപ്പുഴ കുന്നക്കമറ്റത്തിൽ വേണുഗോപാൽ (ബാബു, 52), ഭാര്യ ഷൈലാമോൾ (43) എന്നിവരാണ് വീടിനു മുന്നിൽ അരമണിക്കൂറോളം ആത്മഹത്യാ ഭീഷണി മുഴക്കി നിലയുറപ്പിച്ചത്. ഒരു മാസം സാവകാശം അനുവദിക്കാമെന്ന ബാങ്കിന്റെ ഉറപ്പിലാണ് ഇവർ പിൻവാങ്ങിയത്.
ഇന്നലെ വൈകിട്ട് മൂന്നു മണിയോടെയായിരുന്നു സംഭവം. കാരാപ്പുഴയിൽ വീട് വാങ്ങുന്നതിനായി 2018 ലാണ് തെള്ളകം കാനറാ ബാങ്കിൽ നിന്നും ഇവർ 17 ലക്ഷം രൂപ വായ്‌പയെടുത്തത്. കേറ്ററിംഗ് നടത്തിപ്പികാരനും ഓട്ടോ ഡ്രൈവറുമാണ് വേണുഗോപാൽ. 2018 ൽ ആദ്യ പ്രളയകാലത്തും കഴിഞ്ഞ വർഷത്തെ പ്രളയകാലത്തും തിരിച്ചടവ് മുടങ്ങി. തുടർന്നാണ് ബാങ്ക് അധികൃതർ നിയമനടപടിയെടുത്തത് . കുടിശികയായ തുക ഇന്നലെയ്ക്കകം അടയ്ക്കണമെന്ന് ബാങ്ക് അറിയിച്ചിരുന്നു. എന്നാൽ, സുഹൃത്തിന്റെ പുരയിടത്തിന്റെ ആധാരം പണയം വച്ച് പണം കണ്ടെത്താനുള്ള ശ്രമം വിജയിച്ചില്ലെന്ന് വേണുഗോപാൽ പറയുന്നു. ഇതേ തുടർന്നാണ് ബാങ്ക് അധികൃതർ ജപ്‌തിയ്‌ക്കായി പൊലീസ് സംഘത്തിനൊപ്പം എത്തിയപ്പോൾ ഷൈലാമോളും തുടർന്ന് വേണുഗോപാലും ദേഹത്ത് മണ്ണെണ്ണ ഒഴിച്ചത്. പൊലീസും നാട്ടുകാരും ചേർന്ന് ഇവരെ പിടിച്ചുമാറ്റി. തുടർന്ന് ബാങ്ക് അധികൃതർ സാവകാശം അനുവദിക്കുകയായിരുന്നു.