ചങ്ങനാശേരി: റോഡ് സേഫ്ടി അതോറിട്ടിയുടെ പുതിയ റിപ്പോർട്ടിൽ ബ്ലാക്ക് സ്പോട്ടായി പ്രഖ്യാപിച്ച തുരുത്തി കാനാ മുതൽ പുന്നമൂട് വരെയുള്ള ഭാഗത്ത് വീണ്ടും അപകടങ്ങൾ പതിവാകുന്നു. തുരുത്തിയിൽ ഞായറാഴ്ച കാറും ജീപ്പും കൂട്ടിയിടിച്ചുണ്ടായ അപകടത്തിയ ദമ്പതികൾ മരിച്ചതാണ് ഒടുവിലത്തെ സംഭവം. ഏറത്തുകുളക്കട താമരശേരി കിഴക്കേപ്പുര വിശ്വനാഥൻ നായർ (74), ഭാര്യ രാധാഭായി (മണിയമ്മ-69) എന്നിവരാണ് മരിച്ചത്. അമിതവേഗതയും ശ്രദ്ധക്കുറവുമാണ് മിക്ക അപകടങ്ങളുടെയും മുഖ്യകാരണം. ഇവിടെ വേഗനിയന്ത്രണവും സുരക്ഷാ സംവിധാനങ്ങളും താളം തെറ്റിയ നിലയിലായതിനാൽ അമിതവേഗതയിലാണ് വാഹനങ്ങൾ കടന്നുപോകുന്നതെന്ന് നാട്ടുകാർ പറയുന്നു. അനധികൃത പാർക്കിംഗും അപകടങ്ങൾക്കിടയാക്കുന്നതായി പരാതിയുണ്ട്. എം.സി റോഡ് വികസനം പൂർത്തിയായതു മുതലാണ് പാലാത്രച്ചിറ മുതൽ പുന്നമൂട് വരെയുള്ള ഭാഗത്ത് അപകടങ്ങൾ വർദ്ധിച്ചത്. കഴിഞ്ഞ ഒരുവർഷത്തിനിടെ നിരവധി അപകടങ്ങളാണ് ഇവിടെ സംഭവിച്ചത്.