കോട്ടയം: സംശയാസ്‌പദമായ സാഹചര്യത്തിൽ കണ്ടതിനെ ചോദ്യം ചെയ്‌തതിനെ തുടർന്ന് യുവാക്കൾക്കെതിരെ ക്വട്ടേഷൻ നൽകിയ കേസിൽ യുവ വ്യവസായി അറസ്റ്റിൽ. കുറവിലങ്ങാട് കുമ്മണ്ണൂർ വട്ടുകളത്ത് സജയൻ പോളി (ബിജു വട്ടമറ്റം -45)നെയാണ് ഗാന്ധിനഗർ സ്റ്റേഷൻ ഹൗസ് ഓഫിസർ എസ്.ഐ ടി.എസ് റെനീഷ് അറസ്റ്റ് ചെയ്‌തത്. ക്രിസ്‌മസ് ദിനത്തിൽ അടിച്ചിറയിലായിരുന്നു സംഭവങ്ങൾ. രാത്രിയിൽ സംശയാസ്‌പദമായ സാഹചര്യത്തിൽ കണ്ട ബിജുവിനെ പ്രദേശവാസികളായ യുവാക്കൾ ചോദ്യം ചെയ്‌തു. ഇതിന്റെ വൈരാഗ്യത്തിൽ അതിരമ്പുഴയിൽ നിന്നുള്ള ക്വട്ടേഷൻ സംഘത്തിനൊപ്പം ഇവിടെ മടങ്ങിയെത്തിയ ബിജു, പേരൂർ കൈതക്കുളങ്ങര കാലാപ്പള്ളിൽ വിനോദ് (38) , സുഹൃത്ത് അതിരമ്പുഴ മുടിയൂർക്കാല പെരുമ്പുകാലായിൽ ബിനിൽ (31) എന്നിവരെ ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ഇരുവരെയും മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സംഭവത്തിൽ മൂന്നു പ്രതികളെ പൊലീസ് പിടികൂടിയിരുന്നു. പ്രതികളെ പൊലീസ് പിടികൂടിയതോടെ ബിജു വിവിധ സ്ഥലങ്ങളിൽ ഒളിവിൽ പോയി. തുടർന്നു പൊലീസ് അന്വേഷണം ശക്തമാക്കിയതോടെ ഇയാൾ പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിക്കുകയായിരുന്നു. എന്നാൽ, ജാമ്യാപേക്ഷ തള്ളിയ കോടതി ബിജുവിനോടു അന്വേഷണ ഉദ്യോഗസ്ഥനു മുന്നിൽ ഹാജരാകാൻ നിർദേശിച്ചു. തുടർന്നു പ്രതിയെ അറസ്റ്റ് ചെയ്‌ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു.