വൈക്കം: ടി.വി. പുരം പഴുതുവള്ളിൽ ഭഗവതി ക്ഷേത്രത്തിലെ മകരസംക്രമ മഹോത്സവത്തിനു തുടക്കമായി. ഉത്സവചടങ്ങുകൾക്ക് പ്രാരംഭംകുറിച്ച് ജലാശയ വരവേൽപ് നടന്നു. വേമ്പനാട്ടു കായലോരത്ത് ഒഴുകിയെത്തിയ വിഗ്രഹം കായലോരത്ത് ക്ഷേത്രം നിർമ്മിച്ച് പ്രതിഷ്ഠിച്ചുവെന്ന വിശ്വാസത്തിന്റെ അടിസ്ഥാനത്തിലാണ് പഴുതുവള്ളി ക്ഷേത്രത്തിലെ ഉൽസവത്തിന് മുന്നോടിയായി ജലാശയ വരവേൽപ്പ് നടത്തുന്നത്.വഞ്ചിയിൽ കായലിൽ ചെന്ന് പൂജ നടത്തി ദേവിയെ ബിംബത്തിലേയ്ക്ക് ആവാഹിച്ച് വാദ്യമേളങ്ങളുടെ അകമ്പടിയോടെ ജലാശയത്തിൽ നിന്ന് ക്ഷേത്രത്തിലേയ്ക്ക് ആനയിച്ചാണ് ശ്രീകോവിലിൽ കുടിയിരുത്തുന്നത്. ക്ഷേത്രം തന്ത്രി എരമല്ലൂർ ഉപേന്ദ്രൻ, മേൽശാന്തി ശരത് ശാന്തികൾ എന്നിവരുടെ കാർമ്മികത്വത്തിലായിരുന്നു ചടങ്ങുകൾ. ഇന്ന് ദേശ താലപ്പൊലി, നാളെ തിരിപിടുത്തം,16ന് വടക്കുപുറത്ത് വലിയ ഗുരുതി തുടങ്ങിയവയാണ് പ്രധാന പരിപാടികൾ. ക്ഷേത്രം ദേവസ്വം പ്രസിഡന്റ് കെ.പി.സാബു കുളത്തുങ്കൽ ,വൈസ് പ്രസിഡന്റ് സുന്ദരേശൻ കോലത്ത്,സെക്രട്ടറി സി.ലത കുറുവേലിത്തറ തുടങ്ങിയവർ ഉത്സവ ചടങ്ങുകൾക്ക് നേതൃത്വം നൽകും.