വൈക്കം: ബ്ലോക്കിലെ ലൈഫ് ഗുണഭോക്താക്കളുടെ സംഗമവും നിർമ്മാണം പൂർത്തീകരിച്ച വീടുകളുടെ താക്കോൽ ദാനവും ഇന്ന് ഉച്ചക്ക് 2.30ന് വല്ലകം സെന്റ് മേരീസ് പാരിഷ് ഹാളിൽ വൈദ്യുതി മന്ത്രി എം.എം. മണി ഉദ്ഘാടനം ചെയ്യും. സി.കെ. ആശ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. തോമസ് ചാഴികാടൻ എം.പി മുഖ്യാതിഥിയായിരിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ മുഖ്യപ്രഭാഷണം നടത്തും. പദ്ധതി പ്രവർത്തനങ്ങളിൽ മികവു പുലർത്തിയ ഗ്രാമപഞ്ചായത്തിന് ജില്ലാ കളക്ടർ പി.കെ. സുധീർ ബാബു പുരസ്‌കാരം സമ്മാനിക്കും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.വൈ. ജയകുമാരി, വൈക്കം നഗരസഭാ ചെയർമാൻ പി. ശശിധരൻ, ദാരിദ്ര ലഘൂകരണ വിഭാഗം പ്രോജക്ട് ഡയറക്ടർ പി.എസ്. ഷിനോ, ലൈഫ് മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ സി.എൻ. സുഭാഷ്, എ.ഡി.സി (ജനറൽ) ജി. അനീസ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ലതാ അശോകൻ, പി.വി. ഹരിക്കുട്ടൻ, ഡി. സുനിൽ കുമാർ, ഉഷാകുമാരി, പി. ശകുന്തള, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പി. സുഗതൻ, അഡ്വ. കെ.കെ. രഞ്ജിത്, ഗ്രാമപഞ്ചായത്ത് സെക്രട്ടറി എസ്. ഹേമ എന്നിവർ സംസാരിക്കും. രാവിലെ 10 മുതൽ നടക്കുന്ന അദാലത്തിൽ 20 വകുപ്പുകളുടെ സേവനങ്ങൾ കുടുംബങ്ങൾക്ക് ലഭ്യമാക്കും.
വൈക്കം ബ്ലോക്കിൽ 944 വീടുകൾ പൂർത്തിയാക്കി
ലൈഫ് മിഷൻ മുഖേന വൈക്കം ബ്ലോക്ക് പഞ്ചായത്തിൽ 944 വീടുകളുടെ നിർമ്മാണം പൂർത്തിയാക്കി. ആദ്യ ഘട്ടം-100, രണ്ടാം ഘട്ടം-665, പി.എം.എ.വൈ പദ്ധതി പ്രകാരം-02, പട്ടികജാതി/പട്ടിക വർഗവിഭാഗങ്ങൾക്ക് മുൻകാലങ്ങളിൽ അനുവദിച്ചവയുടെ പൂർത്തീകരണം-77 എന്നിങ്ങനെയാണ് കണക്ക്. ബ്ലോക്ക് പരിധിയിലെ ആറു ഗ്രാമ പഞ്ചായത്തുകളിൽ ഉദയനാപുരത്താണ് ഏറ്റവുമധികം വീടുകൾ നിർമ്മിച്ചത്-307. ഏറ്റവും കുറവ് വെച്ചൂർ ഗ്രാമപഞ്ചായത്തിലാണ്-92. തലയാഴം-129, ചെമ്പ്-141, മറവൻതുരുത്ത്-112, ടി.വി പുരം-163 എന്നിങ്ങനെയാണ് മറ്റ് ഗ്രാമപഞ്ചായത്തുകളിൽ പൂർത്തീകരിച്ച വീടുകളുടെ എണ്ണം.