ആവശ്യത്തിന് പരിശോധനാകിറ്റ് ഇല്ലാത്തത് തിരിച്ചടി
കോട്ടയം : മലയാളിയുടെ തീൻമേശയിൽ ഒഴിച്ചുകൂടാനാകാത്ത ഘടകമായി മീൻ മാറിയതോടെ മായംചേർക്കലും തകൃതിയായി. ഫോർമാലിൻ കലർന്ന മത്സ്യങ്ങൾ ജില്ലയിലേക്ക് യഥേഷ്ടം ഒഴുകുമ്പോൾ പരിശോധിച്ചു നടപടിയെടുക്കാൻ സ്ട്രിപ്പ് തേടി ഉദ്യോഗസ്ഥർ പരക്കംപായുകയാണ്. പരിശോധന കിറ്റിലെ സ്ട്രിപ്പ് മത്സ്യത്തിൽ ഉരസിയ ശേഷം അതോടൊപ്പമുള്ള ദ്രാവകം ഇതിലേക്ക് ഇറ്റിച്ചു വീഴ്ത്തുമ്പോൾ അല്പസമയത്തിനകം നിറ വ്യത്യാസം ഉണ്ടായാൽ രാസവസ്തു കലർന്നതായി കരുതാം. 20 സ്ട്രിപ്പ് അടങ്ങിയ കിറ്റിന് 300 രൂപയാണ് വില.
കിളിമീൻ ഇനത്തിൽപ്പെട്ട മത്സ്യങ്ങളിലാണ് ഫോർമാലിൻ കൂടുതലായി ഉപയോഗിക്കുന്നത്. കിളിമീൻ സീസൺ അല്ലാതിരുന്നിട്ടും തൂത്തുക്കുടി, മംഗലാപുരം എന്നിവിടങ്ങളിൽ നിന്ന് കേരളത്തിലേക്ക് കിളിമീൻ വൻ തോതിൽ എത്തുന്നുണ്ട്. ജില്ലയിലെ മത്സ്യമാർക്കറ്റുകളിലും ഇതര സംസ്ഥാനങ്ങളിൽ നിന്ന് മത്സ്യങ്ങളെത്തിക്കുന്ന ലോറികളിലും ഐസ് ഫാക്ടറികളിലും അധികൃതർ പരിശോധന നടത്തണമെന്നതാണ് ഉപഭോക്താക്കളുടെ ആവശ്യം.
മത്സ്യവ്യാപാരത്തിനും
ലൈസൻസ് വേണം
2006 ൽ പാസാക്കിയ ഭക്ഷ്യസുരക്ഷ നിയമപ്രകാരം, ഭക്ഷ്യവസ്തുക്കൾ വിൽക്കുന്നവർക്ക് ലൈസൻസ് നിർബന്ധമാണ്. ഫോർമാലിൻ സാന്നിദ്ധ്യമുള്ള മത്സ്യങ്ങളുടെ വില്പന പതിവായ സാഹചര്യത്തിൽ, മത്സ്യവ്യാപാരികളെയും ഭക്ഷ്യസുരക്ഷ പരിധിയിൽ ഉൾപ്പെടുത്തുന്നതിന് ലൈസൻസ് കർശനമാക്കിയിട്ടുണ്ട്. മറ്റ് വ്യാപാരികൾ ഇതിൽ ഉൾപ്പെട്ടെങ്കിലും മത്സ്യ വ്യാപാര രംഗത്തുള്ളവർ അകന്നുനിൽക്കുകയാണ്. ലൈസൻസില്ലാതെ ഭക്ഷ്യവസ്തുക്കൾ വ്യാപാരം നടത്തുന്നത് 5 ലക്ഷം രൂപ പിഴയും 6 മാസം തടവും വരെ ലഭിക്കാവുന്ന കുറ്റമാണ്. ഒരു ഫോട്ടോയും തിരിച്ചറിയൽ രേഖയും അക്ഷയ കേന്ദ്രത്തിൽ നൽകി ഓൺലൈനായി ലൈസൻസിന് അപേക്ഷ സമർപ്പിക്കാവുന്നതാണ്. ഒരു വർഷത്തേക്ക് 100 രൂപയാണ് ഫീസ്. ഒരു ആഴ്ചയ്ക്കുള്ളിൽ ഓൺലൈനായി തന്നെ സർട്ടിഫിക്കറ്റും ലഭിക്കും.
കണ്ടറിയാം
കാലപ്പഴക്കം
ചെകിളപ്പൂക്കൾക്കും കണ്ണിനും നിറവ്യത്യാസം
തൊലിപ്പുറത്തെ മിനുമിനുപ്പു നഷ്ടപ്പെടൽ
ദുർഗന്ധമുള്ള ദ്രാവകം തൊലിപ്പുറത്ത്
മാംസത്തിനു നിറവ്യത്യാസം
മാംസം കൂടുതൽ മൃദുവാകുന്നു
മാംസപാളികൾ അടർന്നുമാറുന്നു