കോട്ടയം : കുമളിയിൽ അസം സ്വദേശി കമൽ ദാസിനെ (30) കൊലപ്പെടുത്തിയതാണെന്ന് വ്യക്തമായി. സംഭവവുമായി ബന്ധപ്പെട്ട രണ്ട് അസം സ്വദേശികളെ അറസ്റ്റ് ചെയ്തു. കഴിഞ്ഞ ഞായറാഴ്ചയാണ് കുമളി സ്കൂൾ കെട്ടിട നിർമ്മാണ സ്ഥലത്ത് കമലിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ കൊലപാതകമാണെന്ന സൂചന ലഭിച്ചതിനെ തുടർന്ന് പൊലീസ് അന്വേഷണം വ്യാപിപ്പിക്കുകയായിരുന്നു. അസം സ്വദേശികളായ അമർ സിങ് റാവത്ത് (23), ബാവേന്ദർ സിങ് റാവത്ത് (22) എന്നിവരെയാണ് എസ്.ഐ പ്രശാന്ത് പി.നായരുടെ നേതൃത്വത്തിൽ പിടികൂടിയത്. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും. കമൽദാസ് അമിത മദ്യപാനിയായിരുന്നു. ഇയാൾ മദ്യപിച്ച് വീണതാകാമെന്നാണ് കൂടെ താമസിച്ചിരുന്നവർ പൊലീസിനോട് വ്യക്തമാക്കിയത്. എന്നാൽ പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ തലയിൽ കൂടുതൽ ക്ഷതങ്ങൾ കണ്ടെത്തിയതാണ്തി വഴിത്തിരിവായത്. ഇതോടെ വീണ്ടും കൂടെ താമസിച്ചിരുന്ന തൊഴിലാളികളെ ചോദ്യം ചെയ്തതോടെയാണ് സത്യം പുറത്തുവന്നത്. അമിതമായി മദ്യപിച്ചിരുന്ന കമൽദാസും മറ്റ് തൊഴിലാളികളും തമ്മിൽ കൂലി തർക്കത്തിന്റെ പേരിൽ വാക്കേറ്റവും ഉന്തും തള്ളുമുണ്ടായി. ഇതിനിടയിൽ കമൽദാസിന്റെ തല ഭിത്തിയിൽ ഇടിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നു.