ചങ്ങനാശേരി: ളായിക്കാട്-ചങ്ങനാശേരി ബൈപാസ് പൂർത്തിയാക്കി വർഷങ്ങൾ പിന്നിട്ടിട്ടും റോഡ് നവീകരണം പാതിവഴിയിൽ. റോഡിനിരുവശവും ടൈൽ പാകിയ നടപ്പാതയും സംരക്ഷണ ഭിത്തിയും നിർമ്മിക്കുമെന്ന അധികൃതരുടെ വാഗ്ദാനം ഇപ്പോഴും പാലിക്കപ്പെട്ടിട്ടില്ല. റോഡിന്റെ അവസാന റീച്ചിലെ വയലും ചതുപ്പും നിറഞ്ഞ ളായിക്കാട് പയ്യമ്പ്ര ഇല്ലം ഭാഗത്തെ ഒരു കിലോമീറ്ററിൽ തഴെ വരുന്ന റോഡ് ഭാഗത്താണ് നടപ്പാതയില്ലാത്തത്. പ്രദേശത്ത് മാലിന്യനിക്ഷേപം രൂക്ഷമാണെന്ന് നാട്ടുകാർ പറയുന്നു. റോഡിന്റെ ഇരുവശത്തും പുല്ലുകൾ വളർന്നും മാലിന്യം നിക്ഷേപിച്ചും നടക്കാൻ പോലും കഴിയാത്ത നിലയിലാണ്. റോഡിനിരുവശവും വളർന്ന് പടർന്ന പൊന്തക്കാടുകൾ വെട്ടിമാറ്റി റോഡ് സൈഡിൽ ടൈൽ പാകി നടപ്പാത നിർമ്മിച്ച് പ്രഭാത സവാരിക്കും സായാഹ്ന വിശ്രമ കേന്ദ്രമായും ഈ പ്രദേശം വികസിപ്പിക്കാൻ അടിയന്തിര നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.വനിതാ കോർപ്പറേഷൻ മേൽനോട്ടത്തിൽ ദീർഘദൂര യാത്രക്കാരായ സ്ത്രീകൾക്ക് വിശ്രമ കേന്ദ്രത്തിന് അരകോടിയോളം രുപ ചെലവിൽ വഴിയോര വിശ്രമ കേന്ദ്രത്തിന് സ്ഥലം കണ്ടെത്തിയത് ഇവിടെയാണ്. ഇതിന്റെ നടപടികൾ എങ്ങുമെത്തിയില്ലെന്നും ആക്ഷേപമുണ്ട്.
മാലിന്യം കൊണ്ട് പൊറുതിമുട്ടിയെന്ന് നാട്ടുകാർ
പ്രദേശത്ത് അടുത്തിടെ കക്കൂസ് മാലിന്യവുമായി എത്തിയ ലോറി നാട്ടുകാർ പിടികൂടിയിരുന്നു. ലോറിക്കാർ രക്ഷപെടാനുള്ള ഓട്ടത്തിൽ അതിന്റെ ഹോസ് വാൽവ് അടയ്ക്കാനായില്ല റോഡിൽ പരന്നൊഴുകിയ ദ്രവ രൂപത്തിലെ മാലിന്യം അഗ്‌നിസുരക്ഷാ സേനയെത്തി വെള്ളം പമ്പ് ചെയ്തു വൃത്തിയാക്കുകയായിരുന്നു. ഇവിടെ നഗരത്തിലേയും പരിസരപ്രദേശങ്ങളിലേയും കക്കൂസ് മാലിന്യം ടാങ്കർ ലോറിയിൽ എത്തിച്ച് ചതുപ്പിലേക്കും റോഡ് സൈഡിലേക്കും ഒഴുക്കുന്നത് പതിവാണെന്ന് പരാതിയുണ്ട്
എല്ലാത്തിനും സാക്ഷിയായി കാമറയുണ്ട്
അടുത്തിടെ ഇവിടെ ലക്ഷങ്ങൾ മുടക്കി നഗരസഭ കാമറയും ടവറും സ്ഥാപിച്ചിരുന്നു. പക്ഷേ കാമറയിൽ പതിയുന്ന ദൃശ്യങ്ങൾ പരിശോധിച്ച് കുറ്റക്കാർക്കെതിരെ യാതൊരു നടപടിയും എടുക്കാൻ അധികൃതർക്ക് സാധിക്കുന്നില്ലെന്ന് ആക്ഷേപമുണ്ട്. മാലിന്യനിക്ഷേപത്തിന്റെ മൂകസാക്ഷിയായി കാമറടവർ ഇവിടെ നിലകൊള്ളുകയാണെന്ന് മാത്രം