jose-k-maani

കോട്ടയം : കുട്ടനാട് സീറ്റ് ജോസഫ് വിഭാഗത്തിനോ കോൺഗ്രസിനോ വിട്ടു കൊടുക്കരുതെന്ന് ചരൽകുന്നിൽ ആരംഭിച്ച കേരളകോൺഗ്രസ് ജോസ് വിഭാഗം സംസ്ഥാന നേതൃയോഗത്തിൽ ആവശ്യം ഉയർന്നു. പ്രവർത്തകുടെ വികാരം ഉൾക്കൊണ്ടുള്ള തീരുമാനമേ എടുക്കൂ എന്ന് ജോസ് കെ. മാണി ഉറപ്പ് നൽകിയതോടെ സീറ്റതർക്കം യു.ഡി.എഫിൽ പൊട്ടിത്തെറിക്ക് വഴിമരുന്നിടും.

തർക്കം തുടർന്നാൽ കോൺഗ്രസ് പൊതു സ്വതന്ത്രനായി ജോണിനെല്ലൂരിനെ മത്സരിപ്പിക്കുമെന്ന പ്രചാരണം നേതാക്കൾ തള്ളി. സീറ്റ് തങ്ങൾക്ക് അവകാശപ്പെട്ടതാണ് . രണ്ടില ചിഹ്നത്തിൽ സ്ഥാനാർത്ഥി ഉണ്ടാകും എന്നായിരുന്നു ജോസ് കെ. മാണിയുടെ പ്രതികരണം. പാലാ ഉപതെരഞ്ഞെടുപ്പിൽ പാർട്ടിയെ ചതിച്ച പി .ജെ. ജോസഫ് തദ്ദേശ തിരഞ്ഞെടുപ്പുകളിൽ രണ്ടില ചിഹ്നം ദുരുപയോഗം ചെയ്തു. അതാണ് തങ്ങളുടെ അപേക്ഷ പ്രകാരം ഇലക്‌ഷൻ കമ്മീഷൻ മരവിപ്പിച്ചത്. അന്തിമ വിധി തങ്ങൾക്കനുകൂലമാകുമെന്നാണ് കരുതുന്നത്. ചരൽകുന്ന് ക്യാമ്പിൽ നിർണായക തീരുമാനങ്ങൾ ഉണ്ടാകുമെന്നും ജോസ് പറഞ്ഞു.

കുട്ടനാട്ടിൽ നിന്നുള്ള സംസ്ഥാന സമിതിയംഗം ഷാജോ കണ്ടക്കുടി, ബിനു ഐസക്ക് രാജു എന്നിവരുടെ പേരുകളാണ് കുട്ടനാട് സീറ്റിലേക്ക് പരിഗണനയിൽ. ദ്വിദിന ക്യാമ്പിൽ അന്തിമ തീരുമാനം ഉണ്ടായേക്കും.

ജോസഫ് വിഭാഗത്തേക്കാൾ മുമ്പ് സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കാനാണ് ജോസ് വിഭാഗത്തിന്റെ നീക്കം. ചിഹ്നം മരവിപ്പിച്ചതടക്കമുളള വിഷയങ്ങളും യു.ഡി.എഫിൽ ജോസഫ് വിഭാഗത്തിനെതിരെ സ്വീകരിക്കേണ്ട നിലപാടുകളും തദ്ദേശ തിരഞ്ഞെടുപ്പ് തന്ത്രങ്ങളും ക്യാമ്പിൽ ചർച്ചയാവും.

കെ. എം മാണിയുടെ മരണശേഷം നടത്തുന്ന ആദ്യ ക്യാമ്പാണിത്. മാണിയുടെ ഒന്നാം ചരമവാർഷികവും ഏപ്രിലിൽ കോട്ടയത്ത് നത്തുന്ന മഹാസമ്മേളനവുമാണ് ക്യാമ്പിലെ മറ്റ് ചർച്ച. ജോസ്.കെ. മാണിയെ കൂടാതെ റോഷി അഗസ്റ്റിൻ ,എൻ. ജയരാജ് ,തോമസ് ചാഴിക്കാടൻ എം.പി തുടങ്ങിയവരാണ് ക്യാമ്പ് നയിക്കുന്നത്.