അടിമാലി:പിന്നാക്ക മേഖലയിലെ വിദ്യാർത്ഥികൾക്കായി സർക്കാർ ഒരുക്കി വരുന്ന ഹോസ്റ്റൽ സംവിധാനങ്ങൾ കൂടുതൽ വിപുലീകരിക്കുമെന്ന് മന്ത്രി എം എം മണി.സമഗ്രശിക്ഷ കേരളം ഇടുക്കിയുടെ നേതൃത്വത്തിൽ അടിമാലി കത്തിപ്പാറയിൽ തുറന്ന ആൺകുട്ടികളുടെ ഹോസ്റ്റലിന്റെ ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. 50 കുട്ടികൾക്കാണ് ഹോസ്റ്റലിൽ താമസിക്കാൻ സൗകര്യമൊരുക്കിയിട്ടുള്ളത്
സമാനരീതിയിൽ ആൺകുട്ടികളുടെ ഹോസ്റ്റൽ മറയൂർ നാച്ചിവയലിലും പ്രവർത്തിക്കുന്നുണ്ട്. പിന്നാക്കമേഖലയിൽ നിന്നുള്ള കുട്ടികൾക്ക് പുറമെ പലവിധ കാരണങ്ങളാൽ കുടുംബത്ത് പഠനാന്തരീക്ഷമില്ലാത്ത കുട്ടികൾക്കും വേണ്ടി വന്നാൽ ഹോസ്റ്റലിൽ താമസമൊരുക്കും.
1 മുതൽ 12 വരെ ക്ലാസുകളിലെ കുട്ടികൾക്ക് താമസ സൗകര്യമൊരുക്കുന്നതിനൊപ്പം കലാ,കായിക പരിശീലനം, സമഗ്ര വ്യക്തിത്വ വികസനം തുടങ്ങിയ കാര്യങ്ങളിലും പരിശീലനം നൽകും.കത്തിപ്പാറയിൽ നടന്ന ഉദ്ഘാടന സമ്മേളനത്തിൽ വെള്ളത്തൂവൽ പഞ്ചായത്ത് പ്രസിഡന്റ് ടി.ആർ ബിജി അദ്ധ്യക്ഷത വഹിച്ചു.കുഞ്ഞുമോൾ ചാക്കോ, ടി.കെ മിനി, കെ എം സോമരാജൻ, ഇ .എൻ .സന്തോഷ് തുടങ്ങിയവർ സംസാരിച്ചു.