കോട്ടയം: മരടിന് സമാനമായി പൊളിക്കാൻ തീരുമാനിച്ചാൽ ജില്ലയിൽ 147 കെട്ടിടങ്ങൾ മണ്ണോട് ചേരും. ജില്ലയിൽ തീരദേശ നിയന്ത്രണ നിയമ പരിധിയിൽ വരുന്ന വൈക്കം താലൂക്കിലെ ആറ് പഞ്ചായത്തുകളും നഗരസഭയുമടക്കം 148.11 കിലോമീറ്ററിലാണ് അനധികൃത നിർമാണങ്ങളുള്ളതെന്ന് കോസ്റ്റൽ ഡിസ്ട്രിക് കമ്മിറ്റി തയ്യാറാക്കിയ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. മരടിൽ ഫ്‌ളാറ്റുകൾ പൊളിക്കാനുണ്ടായ സാഹചര്യത്തിൽ സുപ്രീം കോടതിവിധി പ്രകാരമാണ് സർക്കാർ നിയലംഘനത്തിന്റെ വിവരങ്ങൾ ശേഖരിച്ചത്.
തലയാഴം പഞ്ചായത്തിലാണ് നിയമലംഘനങ്ങൾ കൂടുതൽ. കുറവ് ഉദയനാപുരത്തും. 1974 മുതൽ 2019 വരെയുള്ള നിർമാണത്തിന്റെ വിവരങ്ങളാണ് ശേഖരിച്ചത്. നിയമം ലംഘിച്ചവയിൽ കൂടുതലും വീടുകളാണ്. പുതിയ വീടുകളും പുതുക്കി പണിത വീടുകളും റിസോർട്ടുകളും ഷെഡ്ഡുകളും കച്ചവട സ്ഥാപനങ്ങളും ഉൾപ്പെടും.
ടൗൺപ്ലാനർ, തദ്ദേശസ്ഥാപന സെക്രട്ടറി, വില്ലേജ് ഓഫീസർ, കളക്ടർ നാമനിർദേശം ചെയ്തയാൾ എന്നിവരുൾപ്പെടുന്ന സമിതിയാണ് ചീഫ് സെക്രട്ടറിക്ക് നിയമ ലംഘനം സംബന്ധിച്ച റിപ്പോർട്ട് നൽകിയത്.


നിയമ ലംഘനങ്ങൾ

കൂടുതൽ

തലയാഴത്ത് - 65

മറ്റിടങ്ങളിൽ

വൈക്കം നഗരസഭ -17

വെച്ചൂർ -14
ടി.വി.പുരം -12
മറവൻതുരുത്ത് -15
ചെമ്പ്- 18
ഉദയാനാപുരം- 6

നിയമലംഘനങ്ങൾ സംബന്ധിച്ച റിപ്പോർട്ട് മൂന്ന് ഘട്ടമായി
പ്രാഥമിക പരിശോധനാ റിപ്പോർട്ട് 2019 ഒക്ടോബർ 30ന്
കൂടതൽ വിവരങ്ങളുമായി നവംബർ 30ന് വീണ്ടും സമർപ്പിച്ചു

വിലയിരുത്തലുകൾക്കുശേഷം ഡിസം.19ന് അന്തിമ റിപ്പോർട്ട്