aravindan-

കോട്ടയം: സംവിധായകൻ അരവിന്ദൻ 1959ൽ തിരികൊളുത്തിയതും കേരളത്തിലെ തന്നെ ആദ്യത്തേതുമായ കോട്ടയം ഫിലിം സൊസൈറ്റി ആറു പതിറ്റാണ്ടിന് ശേഷം പുനർജനിക്കുന്നു.

സംവിധായകരായ ജയരാജും പ്രദീപ് നായരുമാണ് ഇതിനു മുൻകൈയെടുക്കുന്നത്.

അരവിന്ദന്റെ ഭാര്യ കൗമുദി സൊസൈറ്റിയുടെ രണ്ടാം വരവിന് തിരികൊളുത്തും.

' നല്ല സിനിമ സാധരണക്കാരെ കാണിച്ച് പുതിയ സിനിമാ സംസ്കാരം വളർത്തുകയായിരുന്നു 60കളിൽ അരവിന്ദനും കൂട്ടുകാരും ലക്ഷ്യമിട്ടത്. ആ ഫിലിം സൊസൈറ്റി പുനരുജ്ജീവിപ്പിക്കുന്നത് അതേ ലക്ഷ്യത്തോടെയാണെന്ന് പ്രസിഡന്റ് ജയരാജ് പറഞ്ഞു. കുമരകത്ത് 24 മുതൽ നടക്കുന്ന റയിൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിന് ആതിഥ്യം വഹിച്ചാണ് സൊസൈറ്റിയുടെ രണ്ടാം വരവ് .

അരവിന്ദൻ, സി.എൻ ശ്രീകണ്ഠൻനായർ, സി.ആർ.ഓമനക്കുട്ടൻ തുടങ്ങിയവർ മുൻകൈയെടുത്തായിരുന്നു 1959ൽ കോട്ടയം ഫിലിം സൊസൈറ്റിക്ക് തുടക്കമിട്ടത്. തിരുനക്കരയിൽ പഴയ പ്രസ്ക്ലബ്ബിന് പിറകിൽ ഓല മേഞ്ഞ ഹോം ഗാർഡ്സ് ഓഡിറ്റോറിയത്തിലായിരുന്നു പ്രദർശനങ്ങൾ . അന്താരാഷ്ട പ്രശസ്തിനേടിയ ചിത്രങ്ങൾ കാണാൻ ജോൺ എബ്രഹാം, കെ.ജി ജോർജ് തുടങ്ങി പിൽക്കാലത്ത് പ്രശസ്തരായ സംവിധായകർ അന്ന് കോട്ടയത്ത് എത്തിയിരുന്നു. സത്യജിത്ത് റേയെ വരെ അന്നു കൊണ്ടു വന്നു .

അഞ്ചുവർഷത്തിനുശേഷം കോട്ടയം ഫിലിം സൊസൈറ്റി നിർജീവമായതോടെ അരഡസനോളം ഫിലിം സൊസൈറ്റികൾ കോട്ടയത്താരംഭിച്ചെങ്കിലും അവയ്ക്കെല്ലാം അൽപ്പായുസ് മാത്രമാണുണ്ടായിരുന്നത്.