കോട്ടയം: മീനച്ചിലാർ -മീനന്തറയാർ-കൊടൂരാർ നദീ പുനർസംയോജനപദ്ധതിയുടെ ഭാഗമായി കൊടൂരാർ ഉൾനാടൻ ടൂറിസം ബോട്ട് സർവീസ് നടത്തും. പദ്ധതിയുടെ ഉദ്ഘാടനം ഇന്ന് വൈകിട്ട് 4ന് കളക്ടർ പി.കെ സുധീർബാബു അമ്പാട്ടുകടവിൽ നിർവ്വഹിക്കും.
പനച്ചിക്കാട് പഞ്ചായത്ത് പ്രസിഡന്റ് ഇ.ആർ സുനിൽകുമാർ അദ്ധ്യക്ഷനായിരിക്കും. നദീ പുനർ സംയോജന പദ്ധതി ജില്ലാ കോർഡിനേറ്റർ അഡ്വ. കെ. അനിൽകുമാർ മുഖ്യപ്രഭാഷണം നടത്തും.
കൊടൂരാറിന്റെ കൈവഴികളിലൂടെ ഇരുപത്തിയെട്ടര കിലോമീറ്റർ ദൂരം യന്ത്രം ഘടിപ്പിച്ച ചെറുവള്ളങ്ങളിൽ സഞ്ചരിക്കുന്നതിനും നാടൻ വിഭവങ്ങൾ ആസ്വദിക്കുന്നതിനും സൗകര്യമൊരുക്കും. പഴുക്കാനില കായൽ , പുത്തൻ തോട് , എഫ്. എ.സി.ടി കടവ് , മണ്ണങ്കര,കാവനാടി, പടിയറക്കടവ്, വാകത്താനം പള്ളിക്കടവ്, പാലക്കാലുങ്കൽ, അമ്പാട്ടുകടവ്, പാറയ്ക്കൽ കടവ്, മൂവാറ്റുമുക്ക്, കളത്തിൽ കടവ്, പുന്നയ്ക്കൽ ചുങ്കം, ഈരേകടവ്, കോടിമത എന്നിവിടങ്ങളിലൂടെയാണ് യാത്ര.
അമ്പാട്ടുകടവ് ആമ്പൽ വസന്തം ടൂറിസം സൊസൈറ്റിയാണ് ഉൾനാടൻ ജല ഗതാഗത ടൂറിസം ഒരുക്കുന്നത്. മലരിക്കൽ ടൂറിസം സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ മലരിക്കൽ മുതൽ പുതുപ്പള്ളിപ്പള്ളിവരെ ഉല്ലാസ ബോട്ടുയാത്ര ഫെബ്രവരി 2ന് ഡോ. ടി എൻ സീമ ഉദ്ഘാടനം ചെയ്യും.