കോട്ടയം: അമിത വേഗവും അശ്രദ്ധയും വില്ലനായി മാറിയപ്പോൾ കോട്ടയം നഗരത്തിൽ വീണ്ടുമൊരു കുരുതി. കെ.എസ്.ആർ.ടി.സി ബസിന്റെ അമിത വേഗം ഒന്നു കൊണ്ടു മാത്രമാണ് ഇന്നലെ എം.സി റോഡിൽ ൈവ.എം.സി.എയ്‌ക്കു സമീപം ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചത്. ഇറക്കവും വളവുമുള്ള റോഡിലൂടെ അശ്രദ്ധമായാണ് ബസ് പാഞ്ഞതെന്ന് ദൃക്‌സാക്ഷികളിൽ നിന്നും പൊലീസിൽ നിന്നും ലഭിക്കുന്ന വിവരങ്ങളിൽ വ്യക്തം.

ഇന്നലെ ഉച്ചയ്‌ക്ക് രണ്ടു മണിയോടെയാണ് അപകടം ഉണ്ടായത്. ഈ സമയത്ത് താരതമ്യേനെ എം.സി റോഡിൽ കുരുക്ക് കുറവാണ്. ഈ സമയത്താണ് വേഗം കൂട‌ുന്നത്. വൈ.ഡബ്യു.സി.എയ്‌ക്കു മുന്നിൽ വച്ച് റോഡിന്റെ മദ്ധ്യവര കടന്നു വന്നാണ് കെ.എസ്.ആർ.ടി.സി ബസ് ബൈക്ക് ഇടിച്ചു വീഴ്‌ത്തിയത്. എംസി റോഡ് നവീകരണത്തിനു മുൻപ് ഈ റോഡിൽ മീഡിയനുണ്ടായിരുന്നു. എന്നാൽ കെ.എസ്.ടി.പി റോഡ് നവീകരിച്ചതോടെ ഇതു നീക്കി.

മൃതദേഹം റോഡിൽ കിടന്നത് 40 മിനിറ്റ്

അപകട വിവരം അറിഞ്ഞ് ആദ്യം എത്തിയത് 108 ആംബുലൻസ് സർവീസുകാരാണ്. മരണം ഉറപ്പിച്ച സാഹചര്യത്തിൽ അപകട സ്ഥലം പൊലീസ് എത്തി മാർക്ക് ചെയ്‌ത ശേഷം , അഗ്നിരക്ഷാ സേനയുടെ ആംബുലൻസിലേയ്ക്ക് മാറ്റുന്നതാണ് ചട്ടം. എന്നാൽ ശബരിമലയ്ക്ക് കൊണ്ടു പോയതിനാൽ കോട്ടയം യൂണിറ്റിൽ ആംബുലൻസ് ഉണ്ടായിരുന്നില്ല. ഇതു സംബന്ധിച്ചുള്ള ആശയക്കുഴപ്പത്തെ തുടർന്ന് മൃതദേഹം 40 മിനിറ്റ് റോഡിൽ തന്നെ കിടത്തേണ്ടി വന്നു.

മീഡിയൻ നീക്കിയതെന്തിന്‌?

നഗരമദ്ധ്യത്തിൽ അപകടത്തിൽ യുവാവ് മരിച്ച സ്ഥലം മോട്ടോർ വാഹന വകുപ്പ് പരിശോധിച്ചു. കെ.എസ്.ആ‌ർ.ടി.സി ഡ്രൈവർ ബസ് അശ്രദ്ധമായി ഓടിച്ചതാണ് അപകടത്തിന് കാരണം. റോഡിലെ മീഡിയൻ എന്തിനാണ് നീക്കിയതെന്ന് അറിയില്ല. ഇതു പുന:സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ജില്ലാ കളക്‌ടർക്ക് കത്തു നൽകും. 16 നു ചേരുന്ന റോഡ് സുരക്ഷാ അതോറിറ്രി യോഗത്തിൽ വിഷയം ചർച്ച ചെയ്യും.

ടോജോ എം.തോമസ്, എൻഫോഴ്‌സ്‌മെന്റ് ആർ.ടി.ഒ

കെ.എസ്. ആർ. ടി.സിക്ക് കൊമ്പുണ്ടോ?

ജില്ലയിൽ അടുത്തിടെ ഉണ്ടായ മിക്കവാറുംഅപകടങ്ങളിൽ ഒരു ഭാഗത്ത് കെ.എസ്. ആർ.ടി.സി. ബസാണ്. ഒരു വിഭാഗം കെ.എസ്. ആർ.ടി.സി. ൈഡ്രവർ അലക്ഷ്യമായാണ് ബസ് ഒാടിക്കുന്നത്. എന്തു നിയമലംഘനം നടത്തിയാലും പൊലീസും മോട്ടോർ വാഹന വകുപ്പും ചോദിക്കില്ലെന്നതാണ് അവരുടെ ധൈര്യം. ഇത് അംഗീകരിക്കാനാവില്ല.

ജോസഫ് ഫ്രാൻസിസ് , കോടിമത