s

പാലാ: മഹാത്മാഗാന്ധി മെമ്മോറിയൽ പാലാ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിന്റെ പുതിയ മന്ദിരത്തിന്റെ മുകൾ നിലയിലെ വാർക്കയിൽ ചോർച്ച. മുന്നൂറോളം കുട്ടികൾ ഇരുന്നു പഠിക്കുന്ന ക്ലാസ്സുകളുടെ മേൽക്കൂരയിലാണ് ഗുരുതരമായ അപകട ഭീഷണി ഉയർത്തി ചോരുന്നത്. കെട്ടിട നിർമ്മാണം പൂർത്തീകരിക്കുകയും ഗ്യാരണ്ടി കാലാവധി കഴിയുകയും ചെയ്തതിനാൽ തകരാർ പരിഹരിക്കാൻ തങ്ങൾക്കാവില്ലെന്ന നിലപാടാണ് പി. ഡബ്ലൂ. ഡി. ബിൽഡിംഗ് വിഭാഗം സ്വീകരിച്ചിട്ടുള്ളതെന്ന് ചെയർപേഴ്‌സൺ മേരി ഡൊമിനിക്ക് നഗരസഭ കൗൺസിലിനെ അറിയിച്ചു. നിർമ്മാണത്തിൽ ഗുരുതരമായ അപാകതയുണ്ട് എന്ന് വ്യക്തമായ സാഹചര്യത്തിൽ ഇക്കാര്യത്തിൽ വിജിലൻസ് അന്വേഷണത്തിന് കൗൺസിൽ യോഗം ശുപാർശ ചെയ്യണമെന്ന നിർദേശം കൗൺസിൽ അംഗീകരിച്ചു. ഇന്നു തന്നെ സ്‌കൂളിലെത്തി അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ പി. ഡബ്ലൂ.ഡി. ബിൽഡിംഗ്‌സ് എഞ്ചിനീയറോടും മുനിസിപ്പൽ എഞ്ചിനീയറോടും കൗൺസിൽ യോഗം ആവശ്യപ്പെട്ടു. കോടികളുടെ മന്ദിരമാണ് പാലാ ഗവ. ഹയർ സെക്കണ്ടറി സ്‌കൂളിനായി പണിതു വരുന്നത്. ഇതിൽ ആദ്യം പണിത കെട്ടിടത്തിന്റെ മേൽക്കൂരയാണിപ്പോൾ ചോർന്നൊലിക്കുന്നത്.

2014ൽ ഈ മന്ദിരത്തിന്റെ പണി പൂർത്തികരിച്ചതാണ് എന്നാണ് പി.ഡബ്ലൂ.ഡി.യുടെ നിലപാടെന്ന് മുനിസിപ്പൽ സെക്രട്ടറി പറഞ്ഞു. എന്നാൽ 2017ൽ ആണ് പണി പൂർത്തീകരിച്ചതെന്നും ഇതിന്റെ ഉദ്ഘാടനം പോലും നടന്നിട്ടില്ലെന്നും വൈസ് ചെയർമാൻ കുര്യാക്കോസ് പടവൻ ചൂണ്ടിക്കാട്ടി. പി.ഡബ്ലൂ.ഡി. ഉന്നത ഉദ്യോഗസ്ഥരെയും മന്ത്രിയേയും വിദ്യാഭ്യാസ മന്ത്രിയേയും ഇക്കാര്യം അടിയന്തിരമായി അറിയിക്കണമെന്നും ഇരുവരും ആവശ്യപ്പെട്ടു.

 2017ൽ പണി തീർന്നതും, എന്നാൽ ഇതേ വരെ ഉദ്ഘാടനം നടക്കാത്തതുമായ മന്ദിരത്തിലാണ് ചോർച്ചയുണ്ടായിട്ടുള്ളത് എന്നു ചൂണ്ടിക്കാട്ടി സ്‌കൂൾ അധികാരികൾ പാലാ നഗരസഭയ്ക്ക് 6 മാസം മുമ്പേ തന്നെ കത്തു നൽകിയിരുന്നു. എന്നാൽ ഇന്നലെയാണ് ഈ കത്തിന്മേൽ നഗരസഭാ കൗൺസിൽ വിഷയം ചർച്ച ചെയ്തത്.