പൊൻകുന്നം:ശബരിമല തീർത്ഥാടകരുടെ ഏറ്റവും തിരക്കുള്ള ദിവസങ്ങളിൽ പ്രധാന ട്രാഫിക് ജംഗ്‌നിൽ ലൈറ്റ് തെളിയാതായി. ദേശീയപാതയും സംസ്ഥാനപാതയും സംഗമിക്കുന്ന പൊൻകുന്നം പി.പി.റോഡ് ജംഗ്ഷനിലാണ് ടാഫിക് സിഗ്‌നൽ സംവിധാനം തകരാറിലായത്. ഞായറാഴ്ച മുതൽ ലൈറ്റ് തെളിയാതായതോടെ തീർത്ഥാടക വാഹനങ്ങളുടെ തിരക്കിനിടയിൽ ഗതാഗത നിയന്ത്രണം താറുമാറായി. രണ്ടുപാതകളിലുമെത്തുന്ന വാഹനങ്ങൾ തോന്നുംപോലെ കടന്നുപോകാൻ ശ്രമിക്കുമ്പോൾ അപകട സാദ്ധ്യതയേറുകയാണ്. കഴിഞ്ഞ ദിവസങ്ങളിൽ ശബരിമല തീർത്ഥാടകരുടെ വാഹനത്തിരക്കേറെയായിരുന്നു. ഇതിനിടയിൽ ലൈറ്റ് തകരാറിലായത് ഡ്രൈവർമാരെ ആശയക്കുഴപ്പത്തിലാക്കുന്നുണ്ട്. പതിവ് യാത്രക്കാർ സിഗ്‌നൽ തെളിയുന്നതിനായി കാത്തുകിടക്കുന്നുമുണ്ട്. ഇതിനിടെ മറ്റ് വാഹനങ്ങൾ കടന്നുപോകുമ്പോൾ അവരും ഒപ്പം കടന്നുപോകാൻ തിരക്കുകൂട്ടുമ്പോൾ അപകടത്തിനിടയുണ്ട്. ദേശീയപാതയിൽ രണ്ടുവരിയിലും പി.പി.റോഡിൽ മൂന്നുവരിയിലും റോഡുള്ള ജംഗ്ഷനിലാണ് ആശയക്കുഴപ്പത്തോടെയുള്ള ഡ്രൈവിംഗ്. കെൽട്രോണിന്റെ സാങ്കേതിക വിദ്യയിൽ ഓട്ടോമാറ്റിക്കായി പ്രവർത്തിക്കുന്ന ട്രാഫിക് ലൈറ്റാണ് ഘടിപ്പിച്ചിരുന്നത്.