പൊൻകുന്നം: മകരവിളക്കിനോടനുബന്ധിച്ച് എരുമേലിയിൽ പ്രവർത്തിക്കുന്ന മോട്ടോർ വാഹന വകുപ്പിന്റെ സേഫ് സോൺ മകരവിളക്ക് ദിനമായ ഇന്ന് വിപുലമായ സുരക്ഷാ സംവിധാനങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. നിലവിൽ എരുമേലിയിൽ നിന്ന് നാല് പട്രോളിംഗ് ടീമുകളാണ് ഉള്ളത്. എരുമേലി-കണമല, എരുമേലി-പൊൻകുന്നം, എരുമേലി-മുണ്ടക്കയം, എരുമേലി-കണമല-കോരുത്തോട്-കുഴിമാവ് എന്നിങ്ങനെയാണ് പട്രോളിംഗ് നടത്തിയിരുന്നത്. മകരവിളക്കിനോടനുബന്ധിച്ച് ഇന്ന് ഇവയ്ക്ക് പുറമേ ഏഴ് വാഹനങ്ങൾ കൂടി അധികമായി എത്തും. ഒരു എം.വി.ഐ, ഒരു എ.എം.വി.ഐ എന്നിവർ ഓരോ വാഹനത്തിലും ഉണ്ടാകും. വൈകിട്ട് 6മുതൽ ശബരിമലയിൽ നിന്നുള്ള തിരക്ക് കുറയുന്നതുവരെ വാഹനങ്ങൾ കടത്തിവുടന്നതിനുണ്ടാകും. അധികമായി ലഭിച്ച 7വാഹനങ്ങൾ, എരുമേലി 26ാം മൈൽ, പൊൻകുന്നം-പാലാ, കാഞ്ഞിരപ്പള്ളി-ഈരാറ്റുപേട്ട, -കണമല, മുണ്ടക്കയം, പൊൻകുന്നം എന്നിവിടങ്ങളിലേക്ക് പട്രോളിംഗ് നടത്തും.
ഏറ്റവും കൂടുതൽ തിരക്ക് അനുഭവപ്പെടുന്ന കണമല-കോരുത്തോട്-കുഴിമാവ് റൂട്ടിൽ അധിക വാഹനങ്ങൾ പട്രോളിംഗ് ഉണ്ടാകും. വൈകിട്ട് ആറുമണിക്ക് 12 വാഹനങ്ങളും എരുമേലി കെ.എസ്.ആർ.ടി.സി പരിസരത്തുനിന്നും എറണാകുളം ഡി.ടി.സി അജിത്കുമാർ ഫ്ലാഗ് ഓഫ് ചെയ്യും. കോട്ടയം ആർ.ടി.ഒ. ചാക്കോ, എൻഫോഴ്‌സ്‌മെന്റ് ആർ.ടി.ഒ. ടോജോ എം. തോമസ്, കാഞ്ഞിരപ്പള്ളി ജോ.ആർ.ടി.ഒ. എ. സഞ്ജയ് എന്നിവർ പങ്കെടുക്കും. തുടർന്ന് പട്രോളിംഗ് വാഹനങ്ങൾ കണമല കേന്ദ്രീകരിക്കുന്നതും പമ്പയിൽ നിന്നും വാഹനങ്ങൾ വരുന്നതനുസരിച്ച് കോൺവോ അടിസ്ഥാനത്തിൽ നിശ്ചിത റൂട്ടുകളിൽ പോകുന്നതുമാണ്.