കൊടുങ്ങൂർ: പ്രതിസന്ധികളെ ജനപിന്തുണയോടെ നേരിടാൻ എൽ.ഡി.എഫ് സർക്കാരിനായെന്ന് മന്ത്രി പി.തിലോത്തമൻ. വാഴൂർ ബ്ലോക്ക് പഞ്ചായത്തിലെ ലൈഫ് മിഷൻ ഗുണഭോക്താക്കളുടെ കുടുംബ സംഗമവും അദാലത്തും ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. വാഴൂർ ബ്ലോക്ക് പഞ്ചായത്തിന് കീഴിൽ ഇതിനോടകം പണി പൂർത്തീകരിച്ച 350 ഗുണഭോക്താക്കളുടെ കുടുംബങ്ങളാണ് സംഗമത്തിൽ എത്തിച്ചേർന്നത്. ലൈഫ് ഗുണഭോക്താക്കൾക്ക് സർക്കാരിന്റെ വിവിധ ക്ഷേമ പദ്ധതികളും സേവനങ്ങളും നേരിട്ട് ലഭ്യമാക്കുന്നതിനായി 20 ഓളം വകുപ്പുകളുടെ പങ്കാളിത്തത്തോടെ അദാലത്തും സംഘടിപ്പിച്ചു. എൽ.ഡി.എഫ് സർക്കാർ അധികാരത്തിൽ വരുമ്പോൾ 436000 കുടുംബങ്ങൾ ഭവന രഹിതരായിരുന്നു. ഇതിന് പരിഹാരമായാണ് ലൈഫ് മിഷൻ പദ്ധതി പ്രവർത്തിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.
കുടുംബ സംഗമത്തിൽ വാഴൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ .പി. ബാലഗോപാലൻ നായർ അദ്ധ്യക്ഷനായി. നിർമ്മാണം പൂർത്തീകരിച്ച ഭവനങ്ങളുടെ താക്കോൽ ദാനവും മടങ്ങിൽ മന്ത്രി നിർവഹിച്ചു. ജില്ലാ കളക്ടർ പി .കെ. സുധീർ ബാബു ഭവന നിർമ്മാണ പ്രവർത്തനത്തിൽ മികവ് പുലർത്തിയ വാഴൂർ പഞ്ചായത്തിന് അവാർഡ് സമ്മാനിച്ചു. മികച്ച ലൈഫ് നിർവ്വഹണ ഉദ്യോഗസ്ഥ കറുകച്ചാൽ വി.ഇ.ഒ. ഷൈലയ്ക്ക് പ്രോജക്ട് ഡയറക്ടർ പി. എസ്. ഷിനോ ഉപഹാരം നൽകി. ലൈഫ് മിഷൻ കോ-ഓർഡിനേറ്റർ സുഭാഷ്, ജില്ലാ പഞ്ചായത്തംഗം ശശികലാ നായർ, പഞ്ചായത്ത് പ്രസിഡന്റുമാരായ പ്രൊഫ. എസ്. പുഷ്‌കലാദേവി, അഡ്വ.ജയാ ശ്രീധർ, ബി .ബിജുകുമാർ, ബീനാ നൗഷാദ്, ബി. പ്രദീപ്, റോസമ്മ കോയിപ്പുറം, ജനപ്രതിനിധികൾ തുടങ്ങിയവർ സംസാരിച്ചു. വാഴൂർ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി പി .എൻ. സുജിത്ത് സ്വാഗതവും ജോയിന്റ് ബി.ഡി.ഒ ജോസഫ് മാമ്മൻ നന്ദിയും പറഞ്ഞു.