കോട്ടയം: നഷ്ടപ്പെട്ട 30 പവൻ സ്വർണം തിരിച്ചുകിട്ടിയതിന്റെ സന്തോഷത്തിലാണ് മണർകാട് മാലം ഉഷസ് ഹൗസിൽ എം.എസ്. രാജനും കുടുംബവും. ഇതിന് ഇവർ കടപ്പെട്ടിരിക്കുന്നത് റെയിൽടെക്ക് വിഭാഗം ജീവനക്കാരായ സന്ദീപ്, രാഹുൽ എന്നീ രണ്ടു യുവാക്കളാണ്. സ്വർണത്തിന് മുമ്പിൽ കണ്ണു മഞ്ഞളിക്കാത്ത ഈ യുവാക്കളുടെ സത്യസന്ധതയാണ് നഷ്ടപ്പെട്ടെന്ന് കരുതിയ സമ്പാദ്യം രാജന് തിരിച്ചുകിട്ടുന്നതിന് കാരണമായത്. കഴിഞ്ഞ ദിവസം പുലർച്ചെയാണ് സംഭവങ്ങളുടെ തുടക്കം. ചെന്നൈയിൽ നിന്നു നാട്ടിലേയ്ക്കുള്ള യാത്രയിലാണ് ട്രെയിനിൽവച്ച് രാജന്റെ ബാഗ് നഷ്ടപ്പെട്ടത്. തുടർന്ന് രാജൻ കോട്ടയം റെയിൽവേ പൊലീസിൽ പരാതി നൽകി. ഇതിനിടെ, റെയിൽടെക്ക് വിഭാഗം ജീവനക്കാരായ സന്ദീപും, രാഹുലും ഏറ്റുമാനൂരിനും കോട്ടയത്തിനും ഇടയിലുള്ള റെയിൽവേ ട്രാക്കിൽ ബാഗ് കണ്ടെത്തി. പതിവ് പരിശോധനയ്‌ക്കിടെയാണ് ബാഗ് ട്രാക്കിൽ കിടക്കുന്നത് ഇരുവരുടെയും ശ്രദ്ധയിൽപെടുന്നത്. ഉടൻ തന്നെ ബാഗുമായി റെയിൽവേ പൊലീസിനെ സമീപിച്ചു. ഇതിനുള്ളിലുണ്ടായിരുന്ന വിലാസം വച്ച് ഉടമസ്ഥനെ കണ്ടെത്തി. പിന്നീട് സ്റ്റേഷനിൽ വച്ച് രാജന് ബാഗ് കൈമാറി.