കോട്ടയം: ഇന്നലെ ബേക്കർ ജംഗ്ഷനിലുണ്ടായ അപകടത്തിൽ മരിച്ച കുരുവിള വർഗീസിന്റെ മൃതദേഹം ഏത് ആംബുലൻസിൽ കയറ്റണമെന്ന ആശയക്കുഴപ്പം മൂലം റോഡിൽ കിടന്നത് 40 മിനിറ്റ്. അപകടവിവരം അറിഞ്ഞ് ആദ്യം എത്തിയത് 108 ആംബുലൻസ് സർവീസാണ്. എന്നാൽ അഗ്നി രക്ഷാ സേനയുടെ ആംബുൻസിലാണ് മൃതദേഹം മോർച്ചറിയിലേയ്ക്ക് മാറ്റേണ്ടതെന്നാണ് ചട്ടം. ഇതാണ് 40 മിനിറ്റ് മൃതദേഹം റോഡിൽ കിടക്കാൻ ഇടയാക്കിയത്. മരണം സ്ഥിരീകരിച്ചതോടെ പൊലീസ് എത്തി മൃതദേഹം മാർക്കു ചെയ്യുന്നതിനും മറ്റും കാത്തു കിടക്കേണ്ടിവന്നതും കാരണമായി. റോഡിൽ ചിതറിക്കിടന്ന ശരീരാവശിഷ്‌ടങ്ങളും രക്‌തവും അഗ്നിരക്ഷാ സേനാഅധികൃതർ എത്തിയാണ് കഴുകി നീക്കിയത്. അപകടത്തെതുടർന്ന് ഇരു വാഹനങ്ങളും റോഡിന് നടുവിൽ കിടന്നതോടെ എം.സി റോഡിൽ അരമണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. അപകടവിവരമറിഞ്ഞ് പ്രതിഷേധവുമായി നാട്ടുകാരും സ്ഥലത്ത് തടിച്ചുകൂടി. സംഘർഷ സാദ്ധ്യതയിലേക്ക് പോയ സ്ഥിതി പൊലീസെത്തിയാണ് നിയന്ത്രവിധേയമാക്കിയത്.