kuru

കോട്ടയം: അമിത വേഗത്തിൽ വരിതെറ്റിച്ച് എത്തിയ കെ.എസ്.ആർ.ടി.സി ബസിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവിന് ദാരുണാന്ത്യം. പെരുമ്പായിക്കാട് കിഴക്കാലിക്കൽ വർഗീസ് കുരുവിളയുടെ മകനും എറണാകുളത്ത് സ്വകാര്യ സ്ഥാപനത്തിൽ പർച്ചേസ് മാനേജരുമായ കുരുവിള വർഗീസ് (അപ്പു, 24) ആണ് മരിച്ചത്. കുരുവിളയുടെ തലയിലൂടെ ബസിന്റെ ചക്രങ്ങൾ കയറിയിറങ്ങി. ഹെൽമറ്റ് തകർന്നു.

ഇന്നലെ വൈകിട്ട് മൂന്നു മണിയോടെ എം.സി റോഡിൽ വൈ.ഡബ്ള്യൂ.സി.എയ്‌ക്കു സമീപമായിരുന്നു അപകടം. കൊട്ടാരക്കരയിൽ നിന്നും എറണാകുളത്തിനു പോവുകയായിരുന്ന സൂപ്പർ ഫാസ്റ്റാണ് അപകടമുണ്ടാക്കിയത്. ബേക്കർ ജംഗ്ഷനിൽ നിന്ന് അമിത വേഗത്തിൽ ഇറക്കം ഇറങ്ങിയെത്തിയ സൂപ്പർ ഫാസ്റ്റ്, റോഡിന്റെ മദ്ധ്യഭാഗത്തെ വര മറി കടന്നെത്തുകയായിരുന്നു. ഇടിച്ചു വീഴ്‌ത്തിയ ശേഷം ബൈക്കുമായി മീറ്ററുകളോളം മുന്നോട്ടു നിരങ്ങി നീങ്ങിയാണ് ബസ് നിന്നത്. ബസിന്റെ മുൻ ചക്രങ്ങൾക്കിടയിൽ ബൈക്ക് കുടുങ്ങി. തലയിലൂടെ മുൻചക്രം കയറിയിറങ്ങിയ കുരുവിളയുടെ മൃതദേഹം പിൻചക്രത്തിനു സമീപത്തായാണ് കിടന്നത്.

മൃതദേഹം ജനറൽ ആശുപത്രി മോർച്ചറിയിൽ. മാതാവ് ഷീല വർഗീസ് പുതുപ്പള്ളി കൊച്ചുപള്ളിക്കുന്നേൽ കുടുംബാംഗമാണ്. സഹോദരി : ശിൽപ. സംസ്‌കാരം ഇന്ന് വൈകിട്ട് 4 ന് നീലിമംഗലം മാർ ഗ്രിഗോറിയോസ് ഓർത്തഡോക്‌സ് കാത്തോലിക്കേറ്റ് സെമിത്തേരിയിൽ.