വാഴൂർ : രണ്ടുലക്ഷം രൂപയ്ക്ക് ഹൈടെക് ബസ് കാത്തിരുപ്പകേന്ദ്രം ഒരുക്കി വാഴൂർ ഗ്രാമപഞ്ചായത്ത്. കൊടുങ്ങൂർ-മണിമല റോഡിൽ ഒൻപതാം വാർഡ് കോളേജ് ജംഗ്ഷനിലാണ് കാത്തിരിപ്പുകേന്ദ്രം. മുഴുവൻ സമയം പ്രവർത്തിക്കുന്ന റേഡിയോ, ഫാൻ, ഫോൺ ചാർജിംഗ് സംവിധാനം, ലൈറ്റുകൾ തുടങ്ങിയ സൗകര്യങ്ങളുണ്ട്. പതിറ്റാണ്ടുകൾക്ക് മുൻപ് നിർമ്മിച്ച കാത്തിരിപ്പുകേന്ദ്രം കാലപ്പഴക്കത്താൽ നശിച്ചതോടെയാണ് പുതിയത് നിർമ്മിക്കാൻ വാർഡംഗം റംഷാദ് റഹ്മാന്റ നേതൃത്വത്തിൽ ശ്രമം ആരംഭിച്ചത്. ഉദ്ഘാടനം ഇന്ന് രാവിലെ 9.30 ന് പഞ്ചായത്ത് പ്രസിഡന്റ് എസ്.പുഷ്‌ക്കലാദേവിയും എസ്.വി.ആർ.എൻ.എസ്.എസ് കോളേജ് യൂണിയൻ ചെയർമാൻ അശ്വിൻ സതീഷും ചേർന്ന് നിർവഹിക്കും.