നെടുംകുന്നം : നെടുംകുന്നം സെന്റ് തെരേസാസ് സ്‌കൂൾ ശതാബ്ദി നിറവിൽ. പഠന, പാഠ്യേതര പ്രവർത്തനങ്ങൾക്ക് ജില്ലയിലെ മികച്ച സ്‌കൂളായി പലവട്ടം തിരഞ്ഞെടുത്തിട്ടുണ്ട്. ശതാബ്ദി ആഘോഷം ഇന്ന് മുതൽ 18 വരെ നടക്കും. ഇന്ന് രാവിലെ 9.30 ന് നെടുംകുന്നം ഫൊറോനാ വികാരി ഫാ..ജേക്കബ് അഞ്ചുപങ്കിൽ പതാക ഉയർത്തും. 10 ന് ശതാബ്ദി സ്മാരക ഇന്റർ സ്‌കൂൾ ക്വിസ് മത്സരം. 1.30 ന് വാർഷികവും പ്രതിഭകളെ ആദരിക്കൽ. അസി.കോർപ്പറേറ്റ് മാനേജർ ടോണി ചെത്തിപ്പുഴ ഉദ്ഘാടനം ചെയ്യും. സ്‌കൂൾ മാനേജർ സിസ്റ്റർ ജൊവാൻ ജേക്കബ് അദ്ധ്യക്ഷത വഹിക്കും. സ്‌കോളർഷിപ്പ് വിതരണം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ എം.റസീന നിർവഹിക്കും. തുടർന്ന് കുട്ടികളുടെ കലാപരിപാടികൾ.
18 ന് രാവിലെ 9.30ന് ശതാബ്ദി സ്മാരക ഓപ്പൺ ഓഡിറ്റോറിയം വെഞ്ചരിപ്പ്. 2 ന് ആരംഭിക്കുന്ന ശതാബ്ദി സമാപന സമ്മേളനം ചങ്ങനാശേരി അതിരൂപതാ മെത്രാപ്പോലീത്ത മാർ ജോസഫ് പെരുന്തോട്ടം ഉദ്ഘാടനം ചെയ്യും. സിസ്റ്റർ സി.പ്രസന്ന അദ്ധ്യക്ഷത വഹിക്കും. ആന്റോ ആന്റണി എം.പി മുഖ്യപ്രഭാഷണം നടത്തും. ശതാബ്ദി സ്മാരക ഭവനത്തിന്റ താക്കോൽദാനം എൻ.ജയരാജ് എം.എൽ.എ നിർവഹിക്കും. തുടർന്ന് കലാസന്ധ്യ നടക്കും.