കോട്ടയം : മണർകാട് വീടിന് തീപിടിച്ച് രണ്ട് ലക്ഷത്തിന്റെ നഷ്ടം. കണിയാംകുന്നത്ത് മണ്ണൂപ്പറമ്പിൽ അനീഷ് പി.കുര്യന്റെ ഓടിട്ട വീടാണ് പൂർണമായും കത്തിയമർന്നത്. വീട്ടിലെ ഉപകരണങ്ങളും അഗ്നിക്കിരയായി. ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം. ഈ സമയത്ത് വീട്ടിൽ ആരും ഇല്ലായിരുന്നു. അനീഷും ഭാര്യയും ജോലിക്കും കുട്ടികളും സ്കൂളിലും പോയിരിക്കുകയായിരുന്നു. ഈ സമയത്ത് വൈദ്യുതി ഇല്ലാതിരുന്നതിനാൽ ഷോർട്ട് സർക്യൂട്ടല്ല തീപിടിക്കാൻ കാരണമെന്ന് പൊലീസ് വ്യക്തമാക്കി. വീട്ടിൽ നിന്നും തീയും പുകയും ഉയർന്നതോടെ അയൽവാസികളാണ് ഫയർഫോഴ്സിൽ വിവരം അറിയിച്ചത്. കോട്ടയം, പാമ്പാടി എന്നിവിടങ്ങളിൽ നിന്ന് രണ്ട് യൂണിറ്റ് ഫയർഫോഴ്സ് എത്തിയാണ് തീ അണച്ചത്.