ranikallu
റാണിക്കല്ല്

അടിമാലി: രാജമുദ്രപതിഞ്ഞ് ചരിത്രത്തോട് ചേർന്ന് നിൽക്കുമ്പോഴും റാണിക്കല്ലിന് അവഗണനതന്നെ. നേര്യമംഗലത്തിന് സമീപത്തെ റാണിക്കല്ലിനാണ് ഇനിയും പഴയകാലപ്രതാപത്തോട് അടുക്കാനാവാതെയായിരിക്കുന്നത്. കൊച്ചി -ധനുഷ്‌ക്കോടി ദേശിയപാതയോരത്ത് നേര്യമംഗലം പാലത്തിന് സമീപമാണ് രാജഭരണകാലത്തിന്റെ അടയാളപ്പെടുത്തലായി റാണിക്കല്ല് സ്ഥിതി ചെയ്യുന്നത്.ദേശിയപാതയോരത്ത് ഒരു കാലഘട്ടത്തിന്റെ ഓർമ്മപ്പെടുത്തലുമായി നിലകൊള്ളുന്ന ഈ ശിലാഫലകം ഹൈറേഞ്ചിലേക്കെത്തുന്നവരുടെ ശ്രദ്ധയിൽപ്പെടാതെപോവുകയാണ്..റാണിക്കല്ലിന്റെ ചരിത്രം ഓർമ്മപ്പെടുത്താനോ അറിയിക്കാനോ തക്ക സൂചനകൾ ഒന്നും പ്രദേശത്തില്ലാത്തതിനാൽ സഞ്ചാരികളെങ്ങനെ തിരിച്ചറിയാൻ. .1935ൽ റാണി ലക്ഷമി ഭായി എത്തി നേര്യമംഗലത്തു നിന്നും ഹൈറേഞ്ചിലേക്കുള്ള റോഡ് നിർമ്മാണത്തിന്റെ തുടക്കം കുറിച്ചതിന്റെ സ്മരണാർത്ഥം സ്ഥാപിച്ച ഈ ഫലകമിന്ന് അവഗണനക്ക് നടുവിലാണെന്ന് പ്രദേശവാസികളും പറയുന്നു.മദ്യപാനികളുടെ ഇടത്താവളമെന്നതിനൊപ്പം യാത്രാവേളയിൽ മലമൂത്ര വിസർജ്ജനം നടത്താൻ വേണ്ടുന്ന മറയായി പ്പോലും മാറിക്കഴിഞ്ഞു ..ഉത്തരവാദിത്വ ടൂറിസം നടപ്പിലാക്കാൻ ഒരുങ്ങുന്ന അടിമാലി പഞ്ചായത്ത് ശ്രമിച്ചാൽ പഞ്ചായത്തിലെ ഒന്നാന്തരമൊരു ആകർഷണ കേന്ദ്രമാക്കി റാണിക്കല്ലിനെ മാറ്റാനാകുമെന്നാണ് ടൂറകസവുമായി ബന്ധപ്പെട്ടവർ ചൂണ്ടിക്കാട്ടുന്നത്.വാഹനങ്ങൾ നിർത്താനും ചിത്രങ്ങൾ പകർത്താനും വേണ്ടുവോളം ഇടമുള്ള റാണിക്കല്ലിന് സമീപം പേരിനെങ്കിലുമൊരു ഉദ്യോനം കൂടി സ്ഥാപിച്ചാൽ മൂന്നാറിലേക്കെത്തുന്ന സഞ്ചാരികളെ കൂടുതൽ ആകർഷിക്കാനാകും. .കുറഞ്ഞപക്ഷം റാണികല്ലും പരിസരവും ശുചിയായി സൂക്ഷിക്കാനുള്ള ശ്രമമെങ്കിലും ബന്ധപ്പെട്ടവരുടെ ഭാഗത്തുനിന്നുണ്ടാകണമെന്നാണ് സമീപവാസികളുടെ ആവശ്യം.