കോട്ടയം: ബിഷപ്പ് ഫ്രാങ്കോയ്ക്കെതിരായ കന്യാസ്ത്രീയുടെ പീഡന പരാതിയിൽ കേസ് രജിസ്റ്റർ ചെയ്യാൻ ബോധപൂർവം താമസിപ്പിച്ചതിന് സ്ഥലംമാറ്റിയ എസ്.ഐയ്ക്ക് സ്ഥാനക്കയറ്റം. കുറവിലങ്ങാട് സ്റ്റേഷനിലെ എസ്.ഐയായിരുന്ന ഷിന്റോ പി.കുര്യനെ നടപടിക്ക് വിധേയമായി ജില്ലയ്ക്ക് പുറത്തേയ്ക്ക് സ്ഥലംമാറ്റിയിരുന്നു. എന്നാൽ കുറവിലങ്ങാട് സ്റ്റേഷന് തൊട്ടടുത്തുള്ള മരങ്ങാട്ടുപിള്ളി സ്റ്റേഷനിലെ സി.ഐ ആയിട്ടാണ് ഷിന്റോ പി.കുര്യന്റെ പുതിയ നിയമനം. 2018 ജൂൺ 23 ന് കന്യാസ്ത്രീയുടെ സഹോദരങ്ങൾ ഭീഷണിപ്പെടുത്തിയെന്ന് കാട്ടി ഫ്രാങ്കോയുടെ പി.ആർ.ഒ കുറവിലങ്ങാട് പൊലീസിൽ പരാതി നല്കിയിരുന്നു. 28ന് ബിഷപ്പ് പീഡിപ്പിച്ചുവെന്ന് കാട്ടി കന്യാസ്ത്രീയും പരാതി നല്കി.

കുറവിലങ്ങാട് എസ്.ഐയായിരുന്ന ഷിന്റോയുടെ ഭാര്യക്ക് കത്തോലിക്കാ സഭയുടെ ഒരു എയ്ഡഡ് കോളേജിൽ ഈ കാലയളവിലാണ് നിയമനം ലഭിച്ചത്. ബിഷപ്പിനെ രക്ഷിക്കാൻ വേണ്ടി എസ്.ഐ യുടെ ഉപദേശപ്രകാരമാണ് കന്യാസ്ത്രീയുടെ സഹോദരങ്ങൾക്കെതിരെ കേസ് കൊടുപ്പിച്ചതെന്ന് തുടർന്ന് ആരോപണം ഉയർന്നിരുന്നു. കന്യാസ്ത്രീയുടെ പരാതി വന്നതോടെ ഷിന്റോ അവധിയെടുത്ത് മാറിനിന്നു. കൂടാതെ കുര്യനാട് ആശ്രമത്തിലെ ഒരു വൈദികൻ കന്യാസ്ത്രീയെ ഫോണിൽ വിളിച്ച് അനുരഞ്ജന ചർച്ച നടത്തുകയും കേസിൽ നിന്ന് പിന്മാറണമെന്നും പ്രതിഫലമായി 10 ഏക്കർ സ്ഥലവും മഠവും നിർമ്മിച്ചുനല്കാമെന്നും വാഗ്ദാനവും ചെയ്തു. ഇതിന് പിറകിൽ പ്രവർത്തിച്ചത് ഷിന്റോ ആണെന്നാണ് ആരോപണം ഉയർന്നു. കൂടാതെ കന്യാസ്ത്രീ പീഡനക്കേസ് അന്വേഷിക്കുന്ന വൈക്കം ഡിവൈ.എസ്.പി സുഭാഷ് കേസ് അന്വേഷണത്തിന്റെ ഭാഗമായി കുര്യനാട് ആശ്രമത്തിലെത്തിയപ്പോൾ അവധിയിലായിരുന്ന എസ്.ഐ ഷിന്റോയുടെ സ്വകാര്യ വാഹനം അവിടെ കിടപ്പുണ്ടായിരുന്നു. അനുരഞ്ജന ചർച്ച നടത്തിയ വൈദികനിൽ നിന്ന് വിശദവിവങ്ങൾ ശേഖരിക്കാനെത്തിയ ഡിവൈ.എസ്.പിക്ക് ഇത് നേരിൽ കണ്ട് ബോദ്ധ്യപ്പെട്ടു. എന്നാൽ വൈദികനെ കാണാൻ സാധിച്ചുമില്ല. പൊലീസ് രഹസ്യാന്വേഷണ വിഭാഗം എസ്.ഐയും കുര്യനാട് ആശ്രമവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് റിപ്പോർട്ട് നല്കിയിരുന്നു. കേസിൽ എസ്.ഐയുടെ സാമീപ്യം മനസിലാക്കിയ ഡിവൈ.എസ്.പി ജില്ലാ പൊലീസ് മേധാവിക്ക് റിപ്പോർട്ട് നല്കിയതിനെ തുടർന്ന് ഷിന്റോയെ സ്ഥലം മാറ്റുകയായിരുന്നു.