കോട്ടയം : വൈക്കം റോഡ് റെയിൽവേ സ്റ്റേഷന്റെ പാർക്കിംഗ് സ്ഥലം പുതിയ വ്യക്തി ലേലം പിടിച്ചു. ഇതോടെ, കരാറുകാരൻ എക്സൈസിന്റെ സ്ഥലവും പി.ഡബ്ല്യു.ഡിയുടെ റോഡ് സൈഡുകളും കയർകെട്ടി വേർതിരിച്ചു. ഇത് എറണാകുളത്തേക്കും കോട്ടയത്തേക്കും സ്ഥിരമായി ട്രെയിനിൽ പോകുന്ന ഇരുചക്ര വാഹനയാത്രക്കാർക്ക് പാരയായി.
ഇപ്പോൾ പൊതുമാരാമത്ത് റോഡ് വക്കുകളിലും ആപ്പാഞ്ചിറ പാലത്തിന്റെ താഴെയുമാണ് ഇരുചക്രവാഹന യാത്രക്കാർ ബൈക്കുകളും സ്കൂട്ടറുകളും പാർക്ക് ചെയ്യുന്നത്. മറ്റ് വാഹനങ്ങൾക്ക് യാതൊരു യാത്രാതടസവും ഇല്ലാതെയാണ് ഇരുചക്രവാഹനങ്ങൾ പാർക്ക് ചെയ്യുന്നത്. കോട്ടയത്തേക്കും എറണാകുളത്തേക്കും സ്ഥിരമായി യാത്രചെയ്യുന്നവരാണ് ഇവരിൽ അധികവും. രാവിലെ ജോലിക്ക് പോയിട്ട് വൈകുന്നേരം തിരിച്ചെത്തുന്നവരാണ് ഭൂരിഭാഗവും. ട്രെയിൻ കയറാനുള്ള സൗകര്യത്തിനാണ് മിക്കവരും ഇവിടെ പാർക്കു ചെയ്യുന്നത്. ട്രെയിനിൽ കയറുവാനുള്ള സൗകര്യാർത്ഥം മേൽപ്പാലത്തിന്റെ കീഴിലും മറ്റും ഇരുചക്രവാഹനങ്ങൾ പാർക്ക് ചെയ്യുന്നുണ്ട്. എന്നാൽ, പുതിയ സ്ഥലത്ത് വാഹനം പാർക്ക് ചെയ്തിട്ട് ട്രെയിൻ കയറണമെങ്കിൽ അര കിലോമീറ്ററോളം നടക്കണം. എന്നാൽ, റെയിൽവേയുടെ സ്ഥലം മാത്രമേ പാർക്കിംഗിനായി വിട്ടുകൊടുത്തിട്ടുള്ളുവെന്നാണ് റെയിൽവേ അധികൃതർ നൽകുന്ന വിശദീകരണം. കയർ കെട്ടി വേർതിരിക്കാൻ കരാറുകാരന് അധികാരമില്ല. എക്സൈസിന്റെ സ്ഥലം കയർകെട്ടി അടച്ചതിനെതിരെ അവർ നടപടിക്ക് ഒരുങ്ങുകയാണ്. എന്തായാലും, കൂടുതൽ സ്ഥലം കയർകെട്ടിതിരിച്ചെടുത്ത് കൊള്ള ലാഭം കൊയ്യുകയാണ് കരാറുകാരന്റെ ലക്ഷ്യമെന്ന് യാത്രക്കാർ പറയുന്നു.