കോട്ടയം : കാലം തെറ്റിയുള്ള കാലാവസ്ഥയും മണ്ണിന്റെ ഘടനാപരമായ വ്യതിയാനവും കാർഷികരംഗത്തിന് കുറച്ചൊന്നുമല്ല തിരിച്ചടിയായത്. മഹാപ്രളയം കഴിഞ്ഞ് വർഷങ്ങളായിട്ടും തേയില, കാപ്പി, ഏലം തുടങ്ങി നെൽകൃഷിയും കാലിവളർത്തൽ വരെ പഴയ പ്രതാപത്തിലേക്ക് തിരികെവന്നിട്ടില്ല. ഇതിനു പിന്നാലെയാണ് ജില്ലയിലെ പ്രധാന ‌ജലസ്രോതസുകളായ മീനച്ചിലാറ്റിലെയും മണിമലയാറ്റിലെയും വെള്ളം ക്രമാതീതമായി വറ്റാൻ തുടങ്ങിയത്. ഈ നില തുടർന്നാൽ വേനലിന് മുമ്പ് ഒരിറ്റ് ദാഹജലത്തിനായി ജനം നെട്ടോട്ടം ഓടേണ്ടിവരുമെന്നതാണ് ആശങ്കപ്പെടുത്തുന്ന കാര്യം. നഗരത്തിൽ ഉൾപ്പെടെയുള്ള പ്രദേശത്തെ ശുദ്ധജല വിതരണം ഇതോടെ താളം തെറ്റുകയും ചെയ്യും. നവംബർ, ഡിസംബർ മാസങ്ങളിലെ മഴയിലുണ്ടായ കുറവാണ് ഈ അവസ്ഥയ്ക്ക് കാരണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നൽകുന്ന വിശദീകരണം.

വരൾച്ച രൂക്ഷമായതോടെ മീനച്ചിലാറ്റിൽ പലയിടത്തും നദി മുറിഞ്ഞുതുടങ്ങി. ഇത്തരത്തിൽ നദിയുടെ ഒഴുക്ക് നിലച്ചാൽ കുളിയും തുണികഴുകലുമെല്ലാം അതോടെ നിലയ്ക്കും. ജില്ലയിൽ ഏറ്റവും കൂടുതൽ വരൾച്ച നേരിടുന്നത് കിഴക്കൻ മേഖലകളിലാണ്. തീക്കോയി, പൂഞ്ഞാർ മേഖലകളിലെ കിണറുകൾ ഏതാണ്ട് വറ്റിത്തുടങ്ങി. പനയ്ക്കപ്പാലം, അമ്പാറ, ഭരണങ്ങാനം പ്രദേശങ്ങളിൽ വെള്ളത്തിനായി ഓട്ടം തുടങ്ങിയിട്ടുണ്ട്. മണിമലയാറ്റിലെ സ്ഥിതിയും വിഭിന്നമല്ല. പലയിടത്തും നീരൊഴുക്ക് കുറഞ്ഞു.

മലയോരമേഖലയിൽ

ഇരട്ടി ദുരിതം

മുണ്ടക്കയത്തിന്റെ ഉയർന്ന ഭാഗങ്ങളിലെ കിണറുകളിലെ വെള്ളം ക്രമാതീതമായി താഴുകയാണ്. ഈ ഭാഗത്ത് മഴ ലഭിച്ചിട്ട് മാസങ്ങളായി. ഏന്തയാർ, ഇളംകാട്, കൂട്ടിക്കൽ പ്രദേശങ്ങളിലും ശുദ്ധജലക്ഷാമം രൂക്ഷമായി. മുണ്ടക്കയം പുത്തൻപാലത്തിന് സമീപത്തും കോസ് വേയുടെ ഭാഗങ്ങളിലും കഷ്ടിച്ച് ഒരടി വെള്ളമേയുള്ളൂ. വാകത്താനം പഞ്ചായത്തിൽ ടാങ്കർവെള്ളത്തെയാണ് പലരും ആശ്രയിക്കുന്നത്. കൂടാതെ ബൈക്കുകളിൽ ജാറുകൾ തൂക്കി വെള്ളം കൊണ്ടുവരുന്നവരുമുണ്ട്.

ചൂട് കൂടുതൽ

കോട്ടയത്ത്

കേരളത്തിൽ ഏറ്റവും കൂടുതൽ ചൂട് അനുഭപ്പെടുന്ന രണ്ട് സ്ഥലങ്ങളാണ് പുനലൂരും പാലക്കാടും. എന്നാൽ ഇവ രണ്ടിനെയും പിന്തള്ളി കഴിഞ്ഞ ദിവസം കോട്ടയത്തുണ്ടായത് 36.6 ഡിഗ്രി ചൂടാണ്. അന്ന് പാലക്കാട്ടേത് 32.1 ഉം പുനലൂരിലേത് 34.5 ഡിഗ്രിയുമായിരുന്നു.