കോട്ടയം: മീനിലെ മായം കണ്ടെത്താനുള്ള സ്ട്രിപ്പ് ലഭ്യമാക്കാതെ ഭക്ഷ്യസുരക്ഷാ വകുപ്പ്. ഫോർമാലിൻ കലർന്ന മത്സ്യങ്ങൾ ജില്ലയിലേക്ക് യഥേഷ്ടം ഒഴുകുമ്പോൾ പരിശോധിച്ചു നടപടിയെടുക്കാൻ സ്ട്രിപ്പ് തേടി ഉദ്യോഗസ്ഥർ പരക്കംപായുകയാണ്.
മീൻ മാർക്കറ്റുകളിലും കോൾഡ് സ്റ്റോറേജുകളിലും അമോണിയയും ഫോർമാലിനും ചേർത്ത മീനുണ്ടെന്ന് ഉദ്യോഗസ്ഥർ പറയുന്നുണ്ടെങ്കിലും ശാസ്ത്രീയമായി തെളിയിക്കാതെ മീൻ പിടിച്ചെടുക്കാനോ കേസെടുക്കാനോ കഴിയില്ല. പരിശോധിക്കാനുള്ള സ്ട്രിപ് ഇല്ലാത്തതാണ് പ്രശ്‌നം.
കേന്ദ്ര സമുദ്ര മത്സ്യഗവേഷണ സ്ഥാപനം (സി.എം.എഫ്.ആർ.ഐ) വികസിപ്പിച്ചെടുത്ത സ്ട്രിപ്പിന്റെ ഉത്പാദനച്ചുമതല സ്വകാര്യ സ്ഥാപനത്തിനാണ് . സ്ട്രിപ്പിന്റെ കാലാവധി 3 മാസമായതിനാൽ ആവശ്യം അനുസരിച്ചു മാത്രമേ ഉത്പാദിപ്പിക്കൂവെന്നാണ് പറയുന്നത്. മുൻകൂർ പണം നൽകി ആവശ്യപ്പെട്ടാലും മാസങ്ങൾ കഴിഞ്ഞിട്ടാണ് സ്ട്രിപ് ലഭിക്കുന്നത്. മായം കലർത്തുന്ന ലോബിയുമായി ചേർന്നുള്ള ഒത്തുകളിയാണ് ഇതിനു പിന്നിലെന്നും ആക്ഷേപമുണ്ട്.
കിറ്റിന് ₹300
പരിശോധന കിറ്റിലെ സ്ട്രിപ്പ് മത്സ്യത്തിൽ ഉരസിയ ശേഷം അതോടൊപ്പമുള്ള ദ്രാവകം ഇതിലേക്ക് ഇറ്റിച്ചു വീഴ്ത്തുമ്പോൾ അല്പസമയത്തിനകം നിറ വ്യത്യാസം ഉണ്ടായാൽ രാസവസ്തു കലർന്നതായി കരുതാം. 20 സ്ട്രിപ്പ് അടങ്ങിയ കിറ്റിന് 300 രൂപയാണ് വില.കിളിമീനിലാണ് ഫോർമാലിൻ കൂടുതലായി ഉപയോഗിക്കുന്നത്. സീസൺ അല്ലാതിരുന്നിട്ടും തൂത്തുക്കുടി, മംഗലാപുരം എന്നിവിടങ്ങളിൽ നിന്ന് കിളിമീൻ വൻ തോതിൽ എത്തുന്നുണ്ട്.
കാലപ്പഴക്കമറിയാം
ചെകിളയ്ക്കും കണ്ണിനും നിറവ്യത്യാസം
തൊലിപ്പുറത്തെമിനുസം നഷ്ടപ്പെടൽ
ദുർഗന്ധമുള്ള ദ്രാവകം തൊലിപ്പുറത്ത്
മാംസം കൂടുതൽ മൃദുവാകും
മാംസപാളികൾ അടർന്നുമാറും