പാലാ: ശബരിമല തീർത്ഥാടകർ സഞ്ചരിച്ചിരുന്ന ട്രാവലറിന്റെ പിൻ ചക്രം ഊരിത്തെറിച്ചു; വേഗത വളരെ കുറവായിരുന്നതിനാൽ അപകടം ഒഴിവായി. ഇന്നലെ ഉച്ചയ്ക്ക് 12.45 ഓടെ പാലാ പൊൻകുന്നം റൂട്ടിൽ വലിയ പാലത്തിന്റെ കവാടത്തിലായിരുന്നൂ അപകടം. കർണ്ണാടകയിൽ നിന്നും വന്ന തീർത്ഥാടക വാഹനമാണ് അപകടത്തിൽപ്പെട്ടത്. പാലത്തിലേക്ക് കയറാനൊരുങ്ങവേ പിന്നിൽ ഇടതു വശത്തുള്ള ടയർ ഊരിപ്പോവുകയായിരുന്നു. പാലത്തിന്റെ കവാടത്തിൽ റോഡിനു മദ്ധ്യത്തിലായാണ് ട്രാവലർ കിടന്നത്. ഇതോടെ പഴയ വലിയ പാലത്തിലൂടെ പൊൻകുന്നം ഭാഗത്തേയ്ക്കുള്ള വാഹന ഗതാഗതം തടസപ്പെട്ടു. ഇതോടെ പുതിയ പാലത്തിലൂടെ ഇരുവശത്തേക്കുമുള്ള വാഹനങ്ങൾ പൊലീസ് കടത്തിവിടാൻ തുടങ്ങി. തീർത്ഥാടക വാഹനങ്ങൾ ഉൾപ്പെടെ നിരവധി വാഹനങ്ങൾ അങ്ങോട്ടുമിങ്ങോട്ടും കടന്നതോടെ പുതിയ പാലത്തിൽ ഗതാഗതക്കുരുക്കുമുണ്ടായി. രണ്ടര മണിക്കൂറോളം ഈ സ്ഥിതി തുടർന്നു. ഒടുവിൽ ട്രാവലറിന് ടയർ ഘടിപ്പിച്ച് മാറ്റിയതോടെയാണ് ഗതാഗതക്കുരുക്ക് ഒഴിവായത്.