bag

കോട്ടയം: നിരോധിത പ്ലാസ്റ്റിക്ക് ഉത്പന്നങ്ങൾ പിടികൂടാൻ ഇന്നു മുതൽ പഞ്ചായത്തുകളുടെ സ്‌ക്വാഡ് രംഗത്തിറങ്ങും. കടകളിൽ സൂക്ഷിക്കാനുള്ള സമയപരിധി ഇന്നലെ അവസാനിച്ചതോടെയാണിത്.

ജനവരി ഒന്നു മുതലാണ് സംസ്ഥാനത്ത് പ്ലാസ്റ്റിക്ക് ഉത്പന്നങ്ങൾക്ക് നിരോധനം ഏർപ്പെടുത്തിയത്. എന്നാൽ, വ്യാപാര സ്ഥാപനങ്ങളിൽ സ്റ്റോക്ക് ചെയ്‌തിരിക്കുന്ന പ്ലാസ്റ്റിക്ക് ഉത്പന്നങ്ങൾ വിറ്റു തീർക്കുന്നതിനായി 15 വരെ സാവകാശം അനുവദിച്ചിരുന്നു. അതേസമയം വ്യാപാരികൾക്കെതിരെ ആദ്യ ഘട്ടത്തിൽ കർശന നടപടികൾ വേണ്ടെന്നും ബോധവത്കരണവും മുന്നറിയിപ്പും മാത്രം നൽകിയാൽ മതിയെന്നാണ് സ്‌ക്വാഡുകൾക്കു നൽകിയിരിക്കുന്ന രഹസ്യനിർദേശം.

സെക്രട്ടറിയുടെ അദ്ധ്യക്ഷതയിൽ അസി.സെക്രട്ടറി, ജൂനിയർ സൂപ്രണ്ട്, ഹെഡ് ക്ലാർക്ക്, ഹെൽത്ത് ഇൻസ്‌പെക്‌ടർ, ജെ.എച്ച്.ഐ, ക്ലാർക്ക് എന്നിവരെ ഉൾപ്പെട്ടതാണ് സ്‌ക്വാഡ്. ഇവർ ആദ്യഘട്ടത്തിൽ മുന്നറിയിപ്പ് നൽകും. പിന്നീട് നോട്ടീസും . രണ്ടാം ഘട്ട പരിശോധനയിലും പ്ലാസ്റ്റിക്ക് കണ്ടെത്തിയാലാവും പിഴ അടക്കമുള്ള നടപടികളിലേയ്‌ക്കു കടക്കുക.

നിരോധന നടപടികൾ ഊർജിതമാക്കാൻ പഞ്ചായത്ത്, നഗരസഭാ സെക്രട്ടറിമാർക്കു പുറമേ സബ്ഡിവിഷണൽ മജിസ്ട്രേറ്റുമാർ, മലീനീകരണ നിയന്ത്രണ ബോർഡ് ഉദ്യോഗസ്ഥർ എന്നിവർക്കും ചുമതലയുണ്ട്.

ബദലുമായി റസിഡൻസ് അസോ.
പ്ലാസ്റ്റിക്ക് നിരോധിച്ചപ്പോഴുണ്ടായ പ്രതിസന്ധി മറികടക്കാൻ തിരുനക്കരക്കുന്ന് റസിഡൻസ് അസോസിയേഷൻ വീടുകളിൽ പ്രകൃതി സൗഹൃദ ബാഗുകൾ വിതരണം ചെയ്‌തു. ഇന്നലെ മാത്രം 80 വീടുകളിലായി 160 ബാഗുകളാണ് നൽകിയത്. 125 രൂപ വരെ വിലവരുന്ന രണ്ടു ഇനം ബാഗുകളാണ് സൗജന്യമായി വിതരണം ചെയ്യുന്നത്.പദ്ധതി അസോസിയേഷൻ പ്രസിഡന്റ് അഡ്വ.രമാദേവി ഉദ്ഘാടനം ചെയ്തു. സെക്രട്ടറി എൻ.പ്രതീഷ് നേതൃത്വം നൽകി. .