കോട്ടയം: ട്രാൻ. ബസ് ഡ്രൈവറുടെ അശ്രദ്ധയും അമിതവേഗതയും മൂലം ബൈക്ക് യാത്രികൻ മരണപ്പെട്ട നിരത്തിൽ വീണ്ടും നിയമലംഘനങ്ങളുടെ ഘോഷയാത്ര. കോട്ടയം നഗരത്തിൽ ബേക്കർ ജംഗ്ഷനും നാഗമ്പടം റൗണ്ടാനയ്ക്കുമിടയിൽ വാഹനത്തിരക്ക് പൊതുവേ കുറവുള്ള ഉച്ചസമയത്ത് നടത്തിയ നിരീക്ഷണംപോലും ഞെട്ടിക്കുന്ന കാഴ്ചകളാണ് സമ്മാനിച്ചത്.

ഇരട്ടവരി പാതയുടെ മദ്ധ്യഭാഗത്ത് ഡിവൈഡർ ഇല്ലെന്ന പരിമിതി ഡ്രൈവർമാർ ആവോളം മുതലെടുത്തു. നഗരത്തിൽ നിന്ന് അമിതവേഗതയിൽ ഇറക്കം ഇറങ്ങുന്ന വാഹനങ്ങളും എതിർദിശയിൽ നിന്ന് കയറ്റം കയറിവരുന്ന വാഹനങ്ങളും വൻദുരന്തസാധ്യതകളിൽനിന്ന് തലനാരിഴയ്ക്ക് വഴുതിമാറി. റോഡിന്റെ മദ്ധ്യഭാഗത്തെ നീണ്ടവര മറികടക്കാനൊ, മുമ്പിൽ പോകുന്ന വാഹനങ്ങളെ മറികടക്കാനൊ പാടില്ലാത്ത സ്ഥലമായിട്ടുപോലും വരയും കുറിയുമൊന്നും പരിഗണിക്കാതെ ഒരേ ദിശയിലേക്ക് 4 വാഹനങ്ങൾവരെ സമാന്തരമായി കടന്നുപോകുന്നു. ഈ നിരത്തും ഇവിടുത്തെ സൗകര്യങ്ങളും എനിക്കുമാത്രം സ്വന്തമെന്ന് ധ്വനിപ്പിക്കുന്ന ഇരുചക്രവാഹനയാത്രികരുടെ അഭ്യാസപ്രകടനങ്ങൾ. ഉച്ചക്ക് 2 ന് ശേഷം ഏതാണ്ട് അരണമിക്കൂറിനിടെ മാത്രം 200ൽ അധികം നിയമലംഘനങ്ങളാണ് നടന്നത്.

തലേദിവസത്തെ ദുരന്തത്തിന്റെ രക്തക്കറ കഴുകി വൃത്തിയാക്കിയതല്ലാതെ യാതൊരു മുൻകരുതലുമെടുക്കാൻ പൊലീസൊ പൊതുമരാമത്ത് വകുപ്പോ തയ്യാറാകാത്തതാണ് വീണ്ടും നിയമലംഘനങ്ങൾ ആവർത്തിക്കാൻ കാരണം. ഡിവൈ‌ഡർ ഇല്ലാത്തതാണ് ചൊവ്വാഴ്ച ഒരു യുവാവിന്റെ ജീവൻ പൊലിയാൻ ഇടയായതെന്ന് എല്ലാവരും പറഞ്ഞിട്ടും ബന്ധപ്പെട്ട അധികൃതർ മാത്രം ഒന്നും അറിഞ്ഞിട്ടില്ല.

 നിയമലംഘനങ്ങളുടെ തുടക്കം ബേക്കർ ജംഗ്ഷനിൽ

ഏറ്റുമാനൂർ ഭാഗത്തേക്കുള്ള റോഡിൽ നിന്ന് ടൗണിലേക്ക് വരുന്ന വാഹനങ്ങൾ നിരോധനം മറികടന്ന് യൂടേൺ എടുക്കുന്നതാണ് ഇവിടുത്തെ പ്രശ്നം. ഇവിടെ 'യൂ ടേൺ നിരോധിച്ചിരിക്കുന്നു' എന്ന മുന്നറിയിപ്പ് ബോർഡിന് സമീപത്തുകൂടിയാണ് ഈ നിയമലംഘനം എന്നതാണ് ഏറെ ശ്രദ്ധേയം. തന്ത്രപ്രധാനമായ ഇത്തരം കേന്ദ്രങ്ങളിലൊന്നും ട്രാഫിക് പൊലീസിന്റെ നിരീക്ഷണമൊ നിയന്ത്രണങ്ങളൊ ഇല്ലെന്നതാണ് ഡ്രൈവർമാരുടെ ആശ്വാസം.

 ഒരു മിനിറ്റിൽ ശരാശരി 10 വാഹനങ്ങളെങ്കിലും ഇവിടെ യൂ ടേൺ നിരോധനം മറികടക്കുന്നുണ്ട്.