വാഴൂർ: കൊടുങ്ങൂരിൽ ആകെയുള്ള മൂന്ന് എ.ടി.എമ്മുകളും പ്രവർത്തന രഹിതമായതോടെ വ്യാപാരികൾ ജനങ്ങളും ദുരിതത്തിലായി. ഗ്രാമീൺ ബാങ്ക്, സെൻട്രൽ ബാങ്ക്, എസ്.ബി.ഐ. എന്നിവയുടെ എ.ടി.എമ്മുകളാണ് തകരാറിലായത്.
വാഴൂർ പഞ്ചായത്തിന്റെ ആസ്ഥാനം കൂടിയായ കൊടുങ്ങൂരിൽ നിരവധി സർക്കാർ ഓഫീസുകളും പ്രവർത്തിക്കുന്നുണ്ട്. എ.ടി.എമ്മുകൾ നിലച്ചതോടെ പ്രദേശത്തെ വ്യാപാരികളാണ് ഏറ്റവുമധികം ദുരിതത്തിലായിരിക്കുന്നത്. ചെറിയ പണമിടപാടുകൾക്ക് പോലും ബാങ്കുകളെ ആശ്രയിക്കേണ്ട സ്ഥിതിയോ കിലോമീറ്ററുകൾ സഞ്ചരിച്ച് അടുത്ത എ.ടി.എമ്മിൽ ചെല്ലേണ്ട സ്ഥിതിയോ ആണുള്ളത്.
നിരവധി തവണ അധികാരികളുടെ ശ്രദ്ധയിൽ പെടുത്തിയെങ്കിലും പ്രശ്‌ന പരിഹാരം ഉണ്ടായില്ലെന്ന് നാട്ടുകാർ പറഞ്ഞു.
എ.ടി.എമ്മുകൾ പ്രവർത്തിപ്പിക്കുവാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ബാങ്കുകളുടെ ഉന്നത ഉദ്യോഗസ്ഥർക്ക് പരാതി നൽകാനുള്ള തയ്യാറെടുപ്പിലാണ് ഇടപാടുകാർ.