കോട്ടയം: പാതഇരട്ടിപ്പിക്കൽ ജോലികൾക്കായി പൂവൻതുരുത്ത് റെയിൽവേ മേൽപ്പാലം പൊളിച്ചു തുടങ്ങി. പാലം പൊളിച്ചു തുടങ്ങിയതോടെ പൂവൻതുരുത്ത് - പാക്കിൽ റോഡിൽ ഗതാഗത നിയന്ത്രണവും ഏർപ്പെടുത്തി. ബദൽ മാർഗങ്ങൾ ഒരുക്കാതെയുള്ള ഗതാഗത നിയന്ത്രണത്തിനെതിരെ നാട്ടുകാർ പ്രതിഷേധവുമായി രംഗത്ത് എത്തിയിട്ടുണ്ട്.

കായംകുളം - എറണാകുളം റെയിൽവേ പാതയിൽ ഇനി ചിങ്ങവനം മുതൽ ഏറ്റുമാനൂർ വരെയുള്ള ഭാഗത്തെ ഇരട്ടിപ്പിക്കൽ ജോലികൾ മാത്രമാണ് ഇനി പൂർത്തിയാകാനുള്ളത്. ഈ ജോലികളുടെ ഭാഗമായാണ് മേൽപ്പാലത്തിന്റെ അറ്റകുറ്റപണികൾ ഇന്നലെ ആരംഭിച്ചത്. ഇന്നലെ പൂവൻതുരുത്തു റെയിൽവേ മേൽപ്പാലത്തിന്റെ അടിത്തറ നിർമ്മിക്കുന്ന ജോലികളാണ് ആരംഭിച്ചത്. പഴയ പാലം പൊളിച്ചു മാറ്റിയ ശേഷമാണ് പുതിയ പാലം നിർമ്മിക്കുക. അടിത്തറ നിർമ്മിക്കുന്നതിനായി പതിനഞ്ചു ദിവസമെങ്കിലും വേണ്ടിവരുമെന്നു റെയിൽവേ കണക്കു കൂട്ടുന്നു. ഇതിനു ശേഷമാവും നിലവിലുള്ള പാലം പൊളിച്ചു നീക്കുക. പാലം കഷണങ്ങളായി മുറിച്ചു മാറ്റിയ ശേഷമാവും നീക്കം ചെയ്യുക. ഇത് രാത്രിയിൽ ചെയ്യുന്നതിനാണ് ഉദ്ദേശിക്കുന്നത്. പാലം മുറിച്ചു നീക്കുമ്പോൾ ട്രെയിൻ ഗതാഗതത്തിൽ നിയന്ത്റണം ഏർപ്പെടുത്തേണ്ടി വരും. പഴയ പാലം പൊളിച്ചു മാറ്റിയ ശേഷം, ഇരുഭാഗത്തും കോൺക്രീറ്റ് സ്ഥാപിക്കും. തുടർന്ന് കഞ്ഞിക്കുഴി പാലത്തിന്റെ മാതൃകയിൽ ഗർഡർ സ്ഥാപിച്ച് വാർക്കുകയാണ് ചെയ്യുക.

കഴിഞ്ഞ മാസമാണ് മേൽപ്പാലത്തിന്റെ നിർമ്മാണം ആരംഭിക്കാൻ തീരുമാനിച്ചിരുന്നത്. എന്നാൽ, സാങ്കേതിക കാരണങ്ങളാണ് പാലം നിർമ്മാണം നീണ്ടു പോകുകയായിരുന്നു. ഇതേ തുടർന്നാണ് ഇന്നലെ പാലം പൊളിക്കാനുള്ള നടപടികൾ ആരംഭിച്ചത്. കഴിഞ്ഞ ദിവസം ഇതിന്റെ ഭാഗമായി പാലത്തിൽ നോട്ടീസ് പതിച്ചിരുന്നു. നാലു മാസം കൊണ്ടു നിർമ്മാണം പൂർത്തിയാക്കാനാണ് റെയിൽവേ പദ്ധതി തയ്യാറാക്കിയിരിക്കുന്നത്.

എന്നാൽ, കഞ്ഞിക്കുഴി പാലം അടക്കമുള്ള പാലങ്ങൾ നിശ്‌ചയിച്ച സമയത്തിനുള്ളിൽ പൂർത്തിയാക്കാൻ സാധിക്കാതിരുന്നതിനാൽ റെയിൽവേയുടെ ഉറപ്പിൽ നാട്ടുകാർ കടുത്ത ആശങ്കയിലാണ്. പൂവൻതുരുത്ത്, പാക്കിൽ , പ്രദേശങ്ങളിലേയ്‌ക്കുള്ള ആളുകൾ കോട്ടയം, കഞ്ഞിക്കുഴി, പുതുപ്പള്ളി ഭാഗത്തേയ്‌ക്കും പോകുന്നതിനും തിരികെ എത്തുന്നതിനും ആശ്രയിക്കുന്ന വഴിയാണ് ഇത്. രണ്ടു പ്രദേശങ്ങളെ വേർതിരിച്ചാണ് ഈ പാത കടന്നു പോകുന്നത്. ഈ പാലം പൊളിച്ചു നീക്കിയത് യാത്രക്കാർക്ക് ഏറെ ദുരിതം സൃഷ്‌ടിക്കും. പൂവന്തുരുത്ത്, കടുവാക്കുളം പ്രദേശത്തുള്ളവർക്കു പ്രധാന കവലയായ പാക്കിലേക്ക് എത്തണമെകിൽ ഇനി റെയിൽവേ പാത മുറിച്ചുകടക്കേണ്ടിവരും. ഇതു അപകടങ്ങൾ ക്ഷണിച്ചു വരുത്തുമെന്നും നാട്ടുകാർ ആശങ്കപ്പെടുന്നു. കാൽനടയാത്രക്കാർക്കെങ്കലും താത്കാലിക പാലം നിർമിക്കണമെന്നാണു നാട്ടുകാരുടെ ആവശ്യം.